ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ നിന്ന് 3.6 ലക്ഷം കോടി രൂപയുടെ മൂലധനം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മറിച്ച് കേന്ദ്ര ബാങ്കിന് ഉചിതമായ മൂലധന ചട്ടക്കൂടിനെ കുറിച്ച് ചര്‍ച്ച നടത്തുക മാത്രമാണ് ഉണ്ടായതെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. 

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ വരുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക കണക്ക്കൂട്ടലുകള്‍ പൂര്‍ണ്ണമായും നേര്‍പാതയിലാണ്. 3.6 ലക്ഷം കോടിയോ ഒരു ലക്ഷം കോടി രൂപയോ നല്‍കാന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സുഭാഷ് ഗാര്‍ഗ് ട്വീറ്റ് ചെയ്തു.

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയില്‍ വിശ്വാസമുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 3.3 % ധനക്കമ്മിയാണ് ലക്ഷ്യമിടുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനമായിരുന്നു ധനക്കമ്മി. അത് ഗണ്യമായി കുറച്ചു കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.