കൊച്ചി: കള്ളപ്പണത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നടപടികളുടെ ഭാഗമായി വീക്ഷണം പത്രത്തേയും നോര്‍ക്ക റൂട്ട്‌സിനേയും പൂട്ടിയ കമ്പനികളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

ഇതോടെ വീക്ഷണം ഡയറക്ടര്‍മാരായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിപി തങ്കച്ചന്‍, എംഎം ഹസ്സന്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരായ എംഎ യൂസഫലി, രവിപിള്ള, ആസാദ് മൂപ്പന്‍, എം.അനിരുദ്ധന്‍, റാണി ജോര്‍ജ് ഐ.എ.എസ്  തുടങ്ങിയവര്‍ക്ക് മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനം അടുത്ത അഞ്ച് വര്‍ഷത്തേക്ക് വഹിക്കാന്‍ സാധിക്കില്ല.

അയോഗ്യരായതോടെ ഇവര്‍ക്ക്‌ മറ്റു സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനം അടുത്ത അഞ്ച് വര്‍ഷത്തേക്ക് വഹിക്കാന്‍ സാധിക്കില്ല. 

കള്ളപ്പണത്തിനും നിയമവിരുദ്ധമായ കച്ചവടരീതികള്‍ക്കുമെതിരായ നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം ഇത്ര കര്‍ശനമായി നടപടി എടുത്തിരിക്കുന്നത്. ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നല്‍കാത്ത കമ്പനികളെ പൂട്ടിപ്പോയതും കടലാസ് കമ്പനികളുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നടപടിയെടുത്തിരിക്കുന്നത്‌.

കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന 1200-ഓളം കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിയ കമ്പനികളായി പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ക്കെല്ലാം അഞ്ച് വര്‍ഷത്തെ അയോഗ്യത ബാധകമാണ്. 

കമ്പനി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ കൃത്യമായി വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. 

ഇല്ലാത്ത കമ്പനികളുണ്ടാക്കി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ള വ്യാജകമ്പനികള്‍ സാധാരണ വാര്‍ഷിക കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാറുമില്ല. 

വീക്ഷണവും നോര്‍ക്ക റൂട്ട്‌സും അവരുടെ വരവുചിലവ് കണക്കുകളും മറ്റു വിവരങ്ങളും സമയബന്ധിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നില്ല. ഇതാണ് ഇൗ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി വരാന്‍ കാരണമായതെന്നാണ് കരുതുന്നത്. 

കമ്പനികള്‍ക്ക് നേരെ നടപടി വന്നതോടെ സ്ഥാപന ഡയറക്ടര്‍മാരായ കോണ്‍ഗ്രസ് നേതാക്കളും അയോഗ്യരായി. അതേസമയം സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ പേരില്‍ എങ്ങനെ നടപടി വന്നെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

 51 ശതമാനം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരെ നടപടി എടുത്തത് പുനപരിശോധക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ചട്ടപ്രകാരം നോര്‍ക്ക റൂട്ട്‌സിന്റെ ചെയര്‍മാന്‍ കേരള മുഖ്യമന്ത്രിയാണ്. നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ പക്ഷേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ് അടുത്ത കാലം വരെ ചെയര്‍മാനായി കാണിച്ചിരിക്കുന്നത്. 

വെബ്‌സൈറ്റ് കൃത്യമായി നവീകരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വിവരം കൃത്യമായി അപ്‌ഡേറ്റ് ചെയ്തിരുന്നുവെങ്കില്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി അയോഗ്യരുടെ പട്ടികയില്‍ വരുമായിരുന്നു.