റായ്പുര്‍:  സര്‍ക്കാര്‍ ആശുപത്രിയില്‍ മരുമകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ മറ്റു രോഗികളെ ബുദ്ധിമുട്ടിലാക്കിയെന്ന ആരോപണവുമായി  ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരെ കോണ്‍ഗ്രസ്.

രമണ്‍ സിങ്ങിന്റെ മരുമകള്‍ ഐശ്വര്യ സിങ്ങിനെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി റായ്പുറിലെ ഭീം റാവു അംബേദ്കര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വെള്ളിയാഴ്ച ആശുപത്രിയിലെ രണ്ടാം നിലയിലെ മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചു.

ഇവരെ ഒന്നാം നിലയിലേക്കാണ് മാറ്റിയത്. എന്നാല്‍ ഒന്നാംനിലയിലെ സ്ഥലപരിമിതി രോഗികളെയും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെയും ദുരിതത്തിലാക്കി. ലേബര്‍ വാര്‍ഡിലുള്ളവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. രണ്ട് ഗര്‍ഭിണിമാര്‍ക്ക് ഒരു കിടക്ക തന്നെ പങ്കുവയ്‌ക്കേണ്ടിയും വന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

അതേസമയം മന്ത്രിയുടെ മരുമകള്‍ക്ക് പ്രത്യേക മുറിയും മറ്റ് മൂന്നുമുറികള്‍ സുരക്ഷാകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. അമ്പതോളം പോലീസുകാര്‍ ഇവിടെ തമ്പടിക്കുന്നുമുണ്ടായിരുന്നു. കൊച്ചുമകളെ കാണാന്‍ ശനിയാഴ്ച രമണ്‍ സിങ്ങ് ആശുപത്രിയില്‍ എത്തിയിരുന്നു. കൊച്ചുമകളെ കാണാനെത്തിയതിനിന്റെ സന്തോഷം ട്വിറ്ററിലൂടെ രമണ്‍ സിങ് പ്രകടിപ്പിക്കുകും ചെയ്തു.

ആശുപത്രി മുഴുവന്‍ ഒരു കന്റോണ്‍മെന്റാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് വികാഷ് തിവാരി ആരോപിച്ചു. ഒരേ കിടക്ക ഉപയോഗിക്കാൻ രണ്ട് ഗര്‍ഭിണികളെ നിര്‍ബന്ധിതരാക്കി. അധികാരത്തിലെത്തിച്ചവരെ അപമാനിക്കുന്ന നടപടിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ സംസ്ഥാന ആരോഗ്യമന്ത്രി നിഷേധിച്ചു. മുഖ്യമന്ത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി എന്നത് അഭിമാനകരമാണ്. നിരവധി സ്വകാര്യ ആശുപത്രികളുണ്ടായിട്ടും അംബ്ദേകര്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

chathisgarh chief minister raman singh congress accuses raman singh hospital floor made vacate for raman singh's daughter in law