ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ 65വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രായമായവര്‍ക്ക് ബൂത്തിലെത്താതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമൊരുക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍നിന്ന് 65 വയസ്സാക്കി കുറയ്ക്കാനുള്ളതാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. നിയമമന്ത്രാലയം ഇത് അംഗീകരിക്കുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
പോളിങ് ബൂത്തില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. ഇതിന് അര്‍ഹതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights: Govt has agreed to proposal to allow voters above 65 years to use postal ballot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..