ന്യൂഡല്‍ഹി : എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എണ്ണവിലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. പക്ഷേ കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈ വര്‍ധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരും മറ്റും ചൂണ്ടിക്കാണിച്ചത്. 

നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ണായകമായ ചര്‍ച്ചകള്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിച്ചിട്ടുണ്ടെന്നാണ് വിവരം. 

പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്ന കാര്യം വ്യക്തമല്ല. എണ്ണ വില കുറയ്ക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് എത്ര വേഗത്തില്‍ ഇത് നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. പക്ഷേ ഇക്കാര്യത്തില്‍ നിര്‍ണായ നീക്കം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

Content Highlights: Govt considering cutting taxes on petrol, diesel