ന്യൂഡല്‍ഹി: കോവിഡ്-19 നെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലമാണ് അറുപത്തിയെട്ടുകാരന്റെ മരണത്തിനിടയാക്കിയതെന്ന കാര്യം വാക്‌സിന്റെ ഗുരുതരപാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടത്തുന്ന കേന്ദ്രസമിതി സ്ഥിരീകരിച്ചു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച് സമിതി നടത്തിയ 31 കേസുകളുടെ പഠനത്തിലാണ് ഇതില്‍ ഒരാളുടെ മരണം അനഫെലാക്‌സിസ്(anaphylaxix) മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ലോകാരോഗ്യസംഘടനപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഗുരുതര പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് അനഫെലാക്‌സിസ്. ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുവുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് അനഫെലാക്‌സിസ്. 

2021 മാര്‍ച്ച് എട്ടിനാണ് അറുപത്തിയെട്ടുകാരന്‍ വാക്‌സിന്‍ സ്വീകരിച്ചത്. അധികം വൈകാതെ അനഫെലാക്‌സിസിനെ തുടര്‍ന്ന് ഈ വ്യക്തി മരിച്ചു. വാക്‌സിനേഷന്‍ മൂലമുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്ന് സംഭവിച്ച ഏക മരണം ഇതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി എഇഎഫ്‌ഐ(adverse events following immunisation-AEFI)കമ്മിറ്റി അധ്യക്ഷന്‍ ഡോക്ടര്‍ എന്‍.കെ. അറോറ അറിയിച്ചു. മൂന്ന് മരണം കൂടി വാക്‌സിനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് കേന്ദ്രസമിതി സ്ഥിരീകരിച്ചിട്ടുള്ളത്. 

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ഉത്പന്നങ്ങള്‍ക്ക് ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. ജനുവരി 16 നും 19 നും വാക്‌സിന്‍ സ്വീകരിച്ച രണ്ട് യുവാക്കള്‍ക്ക് കൂടി അനഫെലാക്‌സിസ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അവര്‍ സുഖം പ്രാപിച്ചു. 

വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 31 മരണത്തെ കുറിച്ചാണ് സമിതി അന്വേഷണം നടത്തിയത്. ഇതില്‍ 18 പേരുടെ മരണം തികച്ചും യാദൃശ്ചികമാണെന്നും വാക്‌സിന്‍ സ്വീകരണവുമായി ബന്ധമില്ലെന്നും സമിതി വ്യക്തമാക്കി. മറ്റ് ഏഴ് പേരുടെ മരണത്തിന്റെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നും മൂന്ന് കേസുകള്‍ വര്‍ഗീകരിക്കാനാവാത്തതാണെന്നും സമിതി പറയുന്നു. തുടരന്വേഷണത്തില്‍ ലഭിക്കുന്ന കൂടുതല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ വിശ്വനീയമായ സ്ഥിരീകരണത്തില്‍ എത്താന്‍ സാധിക്കൂവെന്നും സമിതി പ്രതികരിച്ചു. 

 

Content Highlights: Govt confirms first death after Covid vaccination in India