ന്യൂഡല്‍ഹി: ഇസ്രായേലില്‍നിന്ന് ഇന്ത്യ വാങ്ങിയ ഹെറോണ്‍ ഡ്രോണുകളില്‍ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഏറെക്കാലമായി പ്രതിരോധ സേനകള്‍ ഉന്നയിച്ചിരുന്ന ഈ ആവശ്യം ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് വേഗത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്.
'പ്രോജക്ട് ചീറ്റ' എന്നാണ് ഹെറോണ്‍ ഡ്രോണിനെ ആയുധമണിയിക്കാനുള്ള പദ്ധതിയുടെ പേര്. നിലവില്‍ ആകാശ നിരീക്ഷണത്തിന് മാത്രമായി ഉപയോഗിക്കുന്ന ഹെറോണ്‍ ഡ്രോണുകളില്‍ ലോസര്‍ നിയന്ത്രിത ബോംബുകള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയയാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയിട്ട് കാലമേറെ ആയെങ്കിലും ഇപ്പോഴാണ് ഭരണതലത്തിലുള്ള അനുമതി ലഭിക്കുന്നത്. 3,500 കോടി രൂപയുടേതാണ് പദ്ധതി.
നിലവില്‍ 90 ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഏറെനേരം ആകാശത്ത് തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതാണ് ഹെറോണ്‍ ഡ്രോണുകള്‍. അതിര്‍ത്തി മേഖലകളിലെ നിരീക്ഷണത്തിനായാണ് ഇവ ഉപയോഗിക്കുന്നത്. മാത്രമല്ല സൈനിക നടപടികള്‍ക്കിടെ ലക്ഷ്യനിര്‍ണയത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്.
നിലവില്‍ ആയുധമായി തന്നെ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളും ഇന്ത്യ ഇസ്രായേലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഹറൂപ് ഡ്രോണുകള്‍ ഇത്തരത്തില്‍ പെട്ടവയാണ്. വിമാനത്തേപ്പോലെ പറന്നുയര്‍ന്ന് കഴിഞ്ഞാല്‍ ഇവയെ ഏറെനേരം ആകാശത്ത് നിലനിര്‍ത്താന്‍ സാധിക്കും. ലക്ഷ്യം നിര്‍ണയിച്ചു കഴിഞ്ഞ്, കമാന്‍ഡിങ് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ച് മിസൈല്‍ പോലെ കുതിച്ചിറങ്ങി പൊട്ടിത്തെറിച്ച് പരമാവധി നാശമുണ്ടാക്കുകയാണ് ഇവ ചെയ്യുക.
ഇതില്‍നിന്ന് വ്യത്യസ്തമാണ് ഹെറോണ്‍ ഡ്രോണുകള്‍. അവയെ ആയുധമണിയിച്ചാല്‍ ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനും പലതവണ ഉപയോഗിക്കാനും സാധിക്കും. ഹെറോണ്‍ ഡ്രോണുകള്‍ക്ക് പുറമെ അമേരിക്കയില്‍നിന്ന് 30 പ്രഡേറ്റര്‍ ഡ്രോണുകള്‍ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഹെറോണ്‍ ഡ്രോണുകളെ ആയുധമണിയിക്കുന്ന പദ്ധക്ക് പുറമെ പ്രതിരോധ സേനകള്‍ക്ക് വേണ്ടി 6.71 ലക്ഷം എ.കെ.203 തോക്കുകള്‍ വാങ്ങാനുള്ള പദ്ധതിക്കും അന്തിമ അനുമതി ഡിഫന്‍ അക്വിസിഷന്‍ കമ്മിറ്റി നല്‍കിയിട്ടുണ്ട്.. ആ ഇടപാട് ഏകദേശം 4,38 കോടി വരും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ അമേത്തിയിലെ കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് തോക്കുകള്‍ നിര്‍മിക്കുന്നത്.
കൂടാതെ വ്യോമസേനയ്ക്ക് വേണ്ടി എച്ച്.എ.എല്ലില്‍നിന്ന് 106 ട്രെയിനര്‍ ജെറ്റുകള്‍ വാങ്ങാനും, നാവികസേന, തീരസംരക്ഷണ സേന എന്നിവയ്ക്കായി 'ഭെല്ലി'ല്‍നിന്ന് കപ്പലുകളിവല്‍ ഘടിപ്പിക്കുന്ന മീഡിയം റേഞ്ച് പീരങ്കികള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്. ഇത്തരത്തില്‍ ശതകോടികളുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ വളരെപ്പെട്ടെന്ന് അംഗീകാരം നല്‍കിയിരിക്കുന്നത്.
Content Highlights:Govt clears fast-tracking of projects to arm Israeli drones