ന്യൂഡൽഹി: ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകുന്നതിന് അടുത്തെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി കടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രി സംസാരിച്ചു. അടുത്ത ആറു മുതൽ ഏഴ് മാസത്തിനുളളിൽ 30 കോടി ആളുകൾക്ക് വാക്സിൻ നൽകാമെന്നാണ് കണക്കുകൂട്ടൽ.

യോഗത്തിൽ തന്റെ ആശങ്ക ആവർത്തിച്ച മന്ത്രി കോവിഡ് 19 മുൻകരുതലുകൾ തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. കോവിഡ് വാക്സിന് അനുമതി നൽകുന്നതിന്റെ അടുത്തെത്തിയെങ്കിലും പ്രതിരോധ മുൻകരുതലുകളിൽ വിട്ടുവീഴ്ച പാടില്ലെന്നായിരുന്നു മന്ത്രി ഓർമിപ്പിച്ചത്.

കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കാളികളായ എല്ലാവരോടും മന്ത്രി തന്റെ കൃതജ്ഞത അറിയിക്കുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം രണ്ടുശതമാനമായി കുറഞ്ഞെന്നും മരണനിരക്ക് ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

അതേസമയം രോഗമുക്തി നിരക്ക് 95.46 ശതമാനമായി ഉയർന്നിട്ടുണ്ട്. ഉത്സവ സീസണായ ഒക്ടോബർ- നവംബർ മാസങ്ങളിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപകമായി നടത്തിയ പരിശോധനയും ട്രാക്കിങ്ങും ചികിത്സാനയവുമാണ് അതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

content Highlights:Govt can inculate 30 cr people in 6 7 months says Harsh Vardhan