ന്യൂഡൽഹി: മുൻ മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ ഗോവിൻദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു. മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഗോവിന്ദ്ദാസിന് ഔദ്യോഗിക അംഗത്വം നൽകി. ഗോവിൻദാസിന്റെ വരവ് പാർട്ടിക്ക് കരുത്തുപകരുമെന്ന് ബിജെപി അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ മണിപ്പുരിൽ എല്ലാം സമാധാനപരമായാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു.' ഞാനും കോൺഗ്രസിലായിരുന്നു. എന്നാൽ ഡ്രൈവർ ഉറക്കത്തിലാണെങ്കിൽ വാഹനം എങ്ങനെ മുന്നോട്ട് നീങ്ങാനാണ്. മണിപ്പുരിൽ എല്ലായ്പ്പോഴും അക്രമവും സമരവും ബന്ദുമായിരുന്നു. എന്നാൽ നരേന്ദ്രമോദിയുടെ സർക്കാർ അധികാരത്തിൽ വന്നത് മുതൽ കാര്യങ്ങൾ സമാധാനപൂർണമായാണ് മുന്നോട്ടുനീങ്ങുന്നത്.', ബിരേൻ സിങ് പറഞ്ഞു

കഴിഞ്ഞമാസം അവസാനത്തോടെയാണ് ഗോവിൻദാസ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് താൻ പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെക്കുന്നതെന്ന് കോൺഗ്രസ് ഭവനിൽ വെച്ച് രാജിക്കത്ത് നൽകിയ ശേഷം ഗോവിൻദാസ് പറഞ്ഞിരുന്നു.

മണിപ്പുർ ബിഷ്ണുപുരിൽ നിന്ന് ആറുതവണ കോൺഗ്രസ് എംഎൽഎ ആയി ഗോവിൻദാസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, മുൻമന്ത്രിയായിരുന്നു. 2020 ഡിസംബറിൽ അദ്ദേഹത്തെ എംപിസിസി പ്രസിഡന്റായി നിയമിച്ചിരുന്നു.

Content Highlights:Govindas Konthoujam joins BJP