ന്യൂഡല്‍ഹി: 22 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിക്ക് ശേഷം മധ്യപ്രദേശ് സംസ്ഥാന നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണര്‍ ലാല്‍ജിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനം ശരിയാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ക്ക് സഭാസമ്മേളനം വിളിക്കാനുള്ള അധികാരമുണ്ട്, എന്നാല്‍ ഒരു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ 64 പേജുള്ള വിധിപ്രസ്താവത്തില്‍ കോടതി കമല്‍നാഥിന്റെ വാദത്തെ തള്ളിക്കളഞ്ഞു.
നിയമസഭയില്‍ മുഖ്യമന്ത്രി തന്റെ അംഗബലം പ്രകടിപ്പിക്കുന്നതിനായി വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന്റെ പദവിയില്‍ ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണെന്ന് ധരിക്കുമെന്നും കോടതി വ്യക്തമാക്കി. 1994-ലെ ജസ്റ്റിസ് ബൊമ്മെയുടെ വിധിപ്രസ്താവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.
ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നടത്തുന്നതിന് മുന്‍പ് തന്നെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ കമല്‍നാഥ് രാജി വെക്കുകയായിരുന്നു.
ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഒരു അട്ടിമറിയിലൂടെയല്ലാതെ കമല്‍നാഥിന് വിശ്വാസ വോട്ടെടുപ്പില്‍ അതിജീവിക്കാനാകുമായിരുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് കമല്‍നാഥ് രാജി വെച്ചത്.
Content Highlights: Governor's decission to order for floor test is correct says supreme court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..