ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ലെഫ്.ഗവർണർ തമിളിസൈ സൗന്ദരരാജൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്.ഗവർണറുടെ നിർദേശം. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിന് പിറകേയാണ് നടപടി.

അണ്ണാ ഡിഎംകെയിലെയും എൻആർ കോൺഗ്രസിലെയും ഓരോ എംഎൽഎമാരുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നിലനിർത്താനുളള ശ്രമം നടത്തുന്നതിനിടയിലാണ് ഗവർണർ സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടിട്ടുളളത്.

ഫെബ്രുവരി 22-ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നടപടികൾ പൂർണമായും കാമറയിൽ ചിത്രീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ എൻഡിഎ സഖ്യത്തിനും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎൽഎ മാരുടെ പിന്തുണയാണ് ഉളളത്.

ആകെ 33 സമാജികരുളള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17സീറ്റാണ് വേണ്ടത്. നാല് എംഎൽഎമാർ രാജിവെച്ചതോടെയാണ് പുതുച്ചേരി സർക്കാർ പ്രതിസന്ധിയിലായത്.

അതേസമയം രണ്ടു കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെക്കുമെന്നും സൂചനയുണ്ട്.

Content Highlights: Governor orders Puducherry government to prove majority