കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണ്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണറെ അഴിമതിക്കാരന്‍ എന്ന് വിളിച്ച മമത ജെയിന്‍ ഹവാല കേസില്‍ ഇദ്ദേഹത്തിനെതിരെ കുറ്റപത്രമുണ്ടായിരുന്നുവെന്നും ആരോപിച്ചു.

ജഗ്ദീപ് ധന്‍ഖറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ താന്‍ മൂന്ന് കത്തുകള്‍ എഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു.

'പശ്ചിമ ബംഗാള്‍ ഗവര്‍ണറെ നീക്കം ചെയ്യുന്നതിനായി ഞാന്‍ മൂന്ന് കത്തുകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം അഴിമതിക്കാരനാണ്, 1996 ല്‍ ജെയിന്‍ ഹവാല കേസിലെ കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. കോടതിയില്‍ പോയി പേര് മാറ്റി. എന്നാല്‍ ഇതിനെതിരെ ഒരു പൊതുതാത്പര്യ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. അതില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. അദ്ദേഹം ഒരു അഴിമതിക്കാരനാണെന്ന് പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു'  മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രത്തിന് ഇക്കാര്യം അറിയില്ലെങ്കില്‍ താന്‍ പറഞ്ഞു തരാം. കുറ്റപത്രം പുറത്തെടുത്ത് ഇയാളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക. ഇതുപോലുള്ള ഒരാളെ ഗവര്‍ണറായി തുടരാന്‍ കേന്ദ്രം  അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു.

എന്നാല്‍ മമതയുടെ ആരോപണം ധന്‍ഖര്‍ തള്ളി. 'ഞാനൊരു കുറ്റപത്രത്തിലും ഉള്‍പ്പെട്ടിട്ടില്ല. അത്തരമൊരു രേഖയുമില്ല. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യമാണിത്. ഒരു കോടതിയില്‍ നിന്ന് ഞാന്‍ സ്‌റ്റേ എടുത്തിട്ടുമില്ല' ധന്‍ഖര്‍ പ്രതികരിച്ചു.