ന്യൂഡല്‍ഹി: സമ്മര്‍ദ്ദത്തിന് മുകളില്‍ സര്‍വകലാശാല ചാന്‍സിലറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് ആവര്‍ത്തിച്ചത്.

കേരള നിയമസഭ ചുമതലപ്പെടുത്തിയ ജോലിയാണ് താന്‍ ചെയ്യുന്നത്. എന്നാല്‍ ഈ ജോലിചെയ്യാന്‍ പ്രയാസമുണ്ടാകുന്ന സാഹചര്യമാണ്. സമ്മര്‍ദ്ദത്തിന് മുകളില്‍ ചാന്‍സലറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ചാന്‍സലര്‍ പദവി മുഖ്യമന്ത്രിയോട് ഏറ്റെടുക്കാന്‍ പറഞ്ഞത്. അതിനുശേഷം അവര്‍ക്ക് ഇഷ്ടംപോലെ പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഗവര്‍ണര്‍ പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ മറുപടിയില്‍ കൂടുതല്‍ പ്രതികരങ്ങള്‍ക്ക് തയ്യാറല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

ചാന്‍സിലറുടെ അധികാരം സര്‍ക്കാര്‍ ഒരിക്കലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവര്‍ണറുമായി സര്‍ക്കാര്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ചാന്‍സിലറുടെ സ്ഥാനത്തുനിന്ന് മാറരുതെന്നാണ് ഗവര്‍ണറോട് അഭ്യര്‍ഥിക്കാനുള്ളത്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടി വന്നത്. അല്ലെങ്കില്‍ വ്യക്തിപരമായി പറഞ്ഞ് തീര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

content highlights: governor arif muhammed khan reply to cm pinarayi vijayan