ന്യൂഡല്‍ഹി: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാല വിസിയെ നിയമിച്ചത് സമ്മര്‍ദം മൂലമാണെന്നും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഗവര്‍ണര്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. 

ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാലാണ്. കത്തില്‍ എല്ലാ കാര്യങ്ങളുമുണ്ട്. സ്വന്തം സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംവാദത്തിനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കണ്ണൂര്‍ സര്‍വകലാശാല വിസിയെ നിയമിച്ചത് സമ്മര്‍ദം മൂലമാണ്. റസിഡന്റ് ആരോപണം ഒഴിവാക്കാനായിരുന്നു ഈ നടപടിയെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കാലടി സര്‍വകലാശാലയില്‍ ഒറ്റപേര് അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദവും തള്ളി. വിസി നിയമത്തിന് നിര്‍ദേശിച്ച ഒറ്റപ്പേര് അംഗീകരിച്ചെങ്കില്‍ പിന്നെ എന്തിനാണ് അതുതാന്‍ തിരിച്ചയച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചു. 

content highlights: Governor Arif Muhammed Khan reply to CM