മുംബൈ: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 50ല്‍ ഇടംനേടാന്‍ വമ്പന്‍ പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യവസായ മേഖലയില്‍ വരും വര്‍ഷങ്ങളില്‍ 200 ല്‍ അധികം പരിഷ്‌കരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ സെക്രട്ടറി രമേഷ് അഭിഷേകിനെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

നിലവില്‍ 122 പരിഷ്‌കരണങ്ങളാണ് ഇക്കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതെന്നും അത് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും രമേഷ് അഭിഷേക് പറയുന്നു. ഈ വര്‍ഷം 90 പരിഷ്‌കരണങ്ങള്‍ വ്യവസായ മേഖലയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ ദിവസം ലോകബാങ്ക് പുറത്തുവിട്ട വ്യവസായങ്ങള്‍ തുടങ്ങാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 100-ാം സ്ഥാനത്തെത്തിയിരുന്നു. 130-ാം സ്ഥാനത്തുനിന്നായിരുന്നു ഇന്ത്യ 100ലേക്ക് കുതിച്ചെത്തിയത്. നികുതി, ലൈസന്‍സ്, നിക്ഷേപകരുടെ സംരക്ഷണം, പാപ്പരത്വ നിയമം തുടങ്ങിയവയില്‍ പരിഷ്‌കരണം വരുത്തിയതാണ് ഇന്ത്യയുടെ കുതിപ്പിന് കാരണം. 

ഇന്ത്യയുടെ കുതിപ്പ് ശ്രദ്ധേയമാണെന്നും ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യം ഇന്ത്യയെ ആദ്യ 50 ല്‍ എത്തിക്കുക എന്നതാണെന്നും രമേഷ് അഭിഷേക് പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കടുത്ത തൊഴില്‍ നയങ്ങളും മത്സരാധിഷ്ടിതമാക്കിമാറ്റാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: World Bank,  ease of doing business