Image|ANI
ന്യൂഡല്‍ഹി: കോവിഡ് കാലത്തും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത പ്രതീകാത്മക സമരം പിന്‍വലിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഐഎംഎ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഷാ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെള്ളക്കോട്ട് ധരിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരോടും ആശുപത്രികളോടും മെഴുകുതിരികള്‍ കത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. വൈറ്റ് അലര്‍ട്ട് എന്ന ഈ പ്രതിഷേധം മുന്നറിയിപ്പ് മാത്രമാണെന്നും ഐഎംഎ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുമെന്നും ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി.
കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഐഎംഎ ദേശീയ വ്യാപക വൈറ്റ് അലര്‍ട്ട് പ്രഖ്യാപിച്ചതും പ്രതീകാത്മക സമരം നടത്താന്‍ ആഹ്വാനം ചെയ്തതും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..