ന്യൂഡല്‍ഹി: രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിന് മുന്നോടിയായി 1949-ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഭേദഗതികള്‍ അവതരിപ്പിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബാങ്കുകള്‍ സ്വകാര്യവത്കരിക്കണമെങ്കില്‍, 1949-ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിനെ കൂടാതെ ബാങ്കിങ് കമ്പനീസ് (അക്വസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിങ്‌സ്) ആക്ട് 1970, ബാങ്കിങ് കമ്പനീസ് ( അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിങ്‌സ്) ആക്ട് 1980 എന്നിവയിലും ഭേദഗതി കൊണ്ടുവരണം. ഇതിനുള്ള ഭേദഗതികളും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

അതേസമയം, സ്വകാര്യവത്കരിക്കുന്ന രണ്ട് ബാങ്കുകള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. നിയമങ്ങളില്‍ ഭേദഗതി വരുന്നതോടെ ഈ രണ്ടു ബാങ്കുകളിലെയും സര്‍ക്കാര്‍ ഓഹരി നിലവിലെ 51 ശതമാനത്തില്‍നിന്ന് താഴെയെത്തും. ചുരുങ്ങിയത് രണ്ട് പൊതുമേഖലാ ബാങ്കുകളെങ്കിലും സ്വകാര്യവത്കരിക്കുമെന്ന് നേരത്തെ തന്നെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 

content highlights: government to table ammendments to privatise banks in winter session