ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കുന്നു. ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. കോവിഡ് അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം രീതി തുടര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ നീക്കം. 

കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് രാജ്യത്തും ലോകത്താകമാനവും വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍രീതി വ്യാപകമായത്. എന്നാല്‍ കോവിഡ് അവസാനിച്ചാലും വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നു പോകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് നിയമപരമായ പരിരക്ഷ നല്‍കുന്നതിന് ചടക്കൂട് തയ്യാറാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാര്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും എന്നാണ് പ്രധാനമായും ഉയര്‍ന്നുവന്നിട്ടുള്ള വിഷയം. ഒപ്പം, വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന വൈദ്യുതി, ഇന്റര്‍നെറ്റ് ചെലവുകള്‍ ആര് വഹിക്കണം എന്നത് സംബന്ധിച്ചും വ്യവസ്ഥകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെയാണ് ചര്‍ച്ച പുരോഗമിക്കുന്നത്. 

നേരത്തെതന്നെ വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ സംസ്‌കാരത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിരുന്നു. ജനുവരിയില്‍ ഇറക്കിയ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്. എന്നാല്‍ സേവന മേഖലയില്‍ അനുവദിച്ചപ്പോഴും ചില തരത്തിലുള്ള ചൂഷണങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തൊഴില്‍ സമയം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Content Highlights : Determine working hours, provision for expenses; Center for drafting rules for work from home