ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നീതി ആയോഗ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. സാമ്പത്തിക രംഗത്ത് 2022-ല്‍ 10-10.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം തുടര്‍ച്ചയായി 20 ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടിയത്. മുംബൈയിലും ഭോപ്പാലിലും ഒരു ലിറ്റര്‍ പെട്രോളിന്റെ വില നൂറു രൂപ കടക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ആവശ്യപ്പെട്ടത്. 

എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായ പങ്കില്ല. എന്നാല്‍ നയപരമായ നിര്‍ദേശങ്ങള്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാറുമുണ്ട്. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ലെന്ന് രാജീവ് കുമാര്‍ വ്യക്തമാക്കി. മഹാമാരി കണക്കിലെടുത്ത് കൂടുതല്‍ പൊതു നിക്ഷേപം ഉണ്ടായിട്ടുണ്ട്. വാക്‌സിന്‍ പൂര്‍ണമായും നല്‍കിക്കഴിഞ്ഞാല്‍ ഭയംവിട്ട് ജനങ്ങള്‍ പുറത്തിറങ്ങും. അങ്ങനെയായാല്‍ ഉല്‍പാദന-കയറ്റുമതി മേഖലയില്‍ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Government should intervene in fuel price hike- niti aayog