ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ ഉള്‍പ്പടെ 112 സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി ഒരു മാസം കൂടി നീട്ടി നല്‍കും. മൂന്നുമാസം കാലാവധി നീട്ടണം എന്ന അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഒരു മാസത്തേക്ക് മാത്രം കാലാവധി നീട്ടിയാല്‍ മതിയെന്ന് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തി. തീരുമാനം ജൂണ്‍ 30-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും.

കേരള ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 43 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 51 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടണം എന്നാവശ്യപ്പെട്ട് നിയമ സെക്രട്ടറി വി. ഹരി നായര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ കത്ത് നല്‍കിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിലെ രണ്ട് ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ കാലാവധിയും മൂന്ന് മാസത്തേക്ക് നീട്ടണം എന്നും കത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ 112 സര്‍ക്കാര്‍ അഭിഭാഷകരുടെ കാലാവധി ഈ മാസം മുപ്പതാം തീയ്യതി അവസാനിക്കാനിരിക്കെയാണ് അഡ്വക്കേറ്റ് ജനറല്‍ കത്ത് നല്‍കിയത്. മുഖ്യമന്ത്രിയുടെ തീരുമാനത്തോടെ ജൂലൈ 31 വരെ ഈ അഭിഭാഷകര്‍ക്ക് കാലാവധി നീട്ടി ലഭിക്കും. പുതിയ സര്‍ക്കാര്‍ അഭിഭാഷകരെ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പുതുതായി നിയമിക്കേണ്ടവരുടെ പട്ടിക ഉടന്‍ കൈമാറാന്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായയാണ് സൂചന. 

നിലവിലുളള സര്‍ക്കാര്‍ അഭിഭാഷകരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കെങ്കിലും പുറത്തുപോകേണ്ടി വന്നേക്കാം. ഒഴിവാക്കേണ്ടവരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights:Government Pleaders term will be extended to one month