
പ്രതീകാത്മക ചിത്രം | AFP
ന്യൂഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് വാക്സിന് നല്‍കുന്നതിന്റെ ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രോഗമുക്തരായവര്‍ രോഗം ഭേദമായി ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം വാക്സിന് സ്വീകരിച്ചാല്‍ മതിയെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ് വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍.ടി.എ.ജി.ഐ) ശുപാര്‍ശ ചെയ്തു.
നേരത്തെ രോഗമുക്തരായവര്‍ക്ക് രോഗം ഭേദമായി ആറ് മാസത്തിന് ശേഷം വാക്സിന് സ്വീകരിക്കാമെന്ന് എന്‍.ടി.എ.ജി.ഐ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇടവേള ഒന്‍പത് മാസമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമതി സര്‍ക്കാരിനെ സമീപിച്ചു.
രോഗം ബാധിക്കുന്നതും ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് ആന്റിബോഡികള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമിതി വ്യക്തമാക്കി. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്സിനേഷന് യോഗ്യരാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നേരത്ത, കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരുന്നു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്സിന് 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതി. ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. അതേസമയം കോവാക്സിന് ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.
Content Highlights: Government Panel Suggests Extending Vaccination Gap After Covid Infection to 9 Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..