
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ച സംഭവം ഗൗരവത്തോടെ പരിഗണിച്ചിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ ഇക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചെന്ന് കേന്ദ്ര വിദേശകാര്യവകുപ്പ് സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു.
ഇന്ത്യ ഇക്കാര്യം അറിയിച്ചതിനു പിന്നാലെ ലോകാരോഗ്യ സംഘടന വെബ്‌സൈറ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മു കശ്മീരും ലഡാക്കും വേറെ നിറത്തിലാണോ കാണിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍.
വിഷയം ലോകാരോഗ്യ സംഘടനയിലെ ഉന്നതാധികാരികള്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെ വെബ്‌സൈറ്റില്‍ വിശദീകരണം ചേര്‍ത്തതായി ജനീവയിലെ ഇന്ത്യയുടെ പെര്‍മനന്റ് മിഷനെ ലോകാരോഗ്യ സംഘടന അറിയിച്ചുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചിത്രം ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ അതിര്‍ത്തിയുടെയോ ആധികാരികതയ്ക്കു മേല്‍ ലോകാരോഗ്യ സംഘടനയുടെ സ്വന്തം അഭിപ്രായമല്ല. മാപ്പില്‍ കാണിച്ചിരിക്കുന്നത് അതിര്‍ത്തി രേഖകളുടെ ഏകദേശ രൂപമാണ്. ഇതില്‍ അന്തിമ തീരുമാനം അതത് രാജ്യങ്ങളുടേത് ആയിരിക്കുമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നതായി മുരളീധരന്‍ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രയോസിസിനെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജനീവയിലെ ഇന്ത്യന്‍ മിഷന്‍ മുഖാന്തരം മൂന്ന് കത്തുകള്‍ അദ്ദേഹത്തിന് ഇന്ത്യ കൈമാറുകയും ചെയ്തിട്ടുണ്ട്.
content highlights: government on issue of wrong depiction of india's map on who website


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..