ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2008 ല്‍ ഒപ്പിട്ട റാഫേല്‍ കരാറില്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്ലെന്ന് കോണ്‍ഗ്രസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പ്രകാരം വിലവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന സര്‍ക്കാരിന്റെ വാദം പൂര്‍ണമായും തെറ്റാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി പറഞ്ഞു.

ഓരോ യുദ്ധവിമാനത്തിന്റെയും വില സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. സി എ ജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) യും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയും കരാര്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ സാഹചര്യത്തില്‍ റാഫേല്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്താതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധവിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചത് എന്തിനാണെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍  ബാധ്യസ്ഥരാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാഫേല്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്തുന്നതില്‍ ഫ്രഞ്ച് സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് അവര്‍ വ്യക്തമാക്കിയതുമാണ്- ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വിഷയത്തില്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇത് അവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

content highlights: Government misled country in Rafale Deal accuses congress