ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലായിരുന്നു പി.ചിദംബരത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ തെറ്റുകള്‍ വരുത്തുന്നു. തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു ധാരണയും വ്യക്തതയുമില്ലാത്തത് കൊണ്ടാണ് അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്-ചിദംബരം പറഞ്ഞു.
'രോഗനിര്‍ണയം തെറ്റാണെങ്കില്‍, എഴുതുന്ന കുറിപ്പടി ഉപയോഗശൂന്യമാകും, രോഗം, മാരകമായേക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ ഏഴ് മാസം പിന്നിട്ടിട്ടും സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ ചാക്രികമാണെന്നാണ് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കാരണം അവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു വ്യക്തയുമില്ല.
ഓരോ സംഖ്യയും സമ്പദ്‌വ്യവസ്ഥയുടെ തെറ്റായ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കും. പക്ഷേ അത് ചെയ്യാനുള്ള കഴിവ് ഈ സര്‍ക്കാരിനില്ല. ഈ വര്‍ഷാവസാനം ജിഡിപി അഞ്ചിലെത്തിയാല്‍ നമുക്ക് ഭാഗ്യമുണ്ടാകും. ഈ സര്‍ക്കാരിന്റെ ജിഡിപി കണക്കാക്കുന്ന രീതി തന്നെ സംശയാസ്പദകരമാണ്. അത് കൊണ്ട് തന്നെ ഈ സര്‍ക്കാരിന്റെ അഞ്ച് ശതമാനമെന്നത് അതില്‍ യഥാര്‍ത്ഥത്തിലുള്ള അഞ്ച് ശതമാനമല്ല. അതില്‍ നിന്ന് 1.5 ശതമാനം കുറക്കാനുണ്ടാകും-ഡോ.അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞ ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ ചിദംബരം 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് മോചിതനായത്. ഇന്ന് അദ്ദേഹം പാര്‍ലമെന്റിലുമെത്തി ഉള്ളി വിലകയറ്റത്തിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കാളിയായി.
Content Highlights: Government Is Wrong Because It's Clueless-P Chidambaram, On Economy