ന്യൂഡല്‍ഹി: വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാർ ഇടപെടൽ വളരെ കുറച്ച് മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിദ്യാഭ്യാസ നയം എല്ലാവരുടേതുമാണെന്നും അദ്ദേഹം പറഞ്ഞു.  ദേശീയ വിദ്യാഭ്യസ നയത്തെ കുറിച്ചുള്ള ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇവയ്ക്കെല്ലാം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നയത്തിലെ ഇടപെടല്‍ ഏറ്റവും ചുരുങ്ങിയ അളവിലായിരിക്കണം എന്നതും ശരിയാണ്. വിദേശ നയം, പ്രതിരോധനയം എന്നിവ രാജ്യത്തിന്റേതാണ്. സര്‍ക്കാരിന്റേതല്ല. അതുപോലെ തന്നെ വിദ്യാഭ്യാസ നയവും. അത് എല്ലാവരുടേതുമാണ്'-  പ്രധാനമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ നയവുമായി കൂടുതല്‍ അധ്യാപകരേയും രക്ഷിതാക്കളേയും ബന്ധിപ്പിക്കും. കൂടുതല്‍ വിദ്യാര്‍ഥികളേയും ബന്ധിപ്പിക്കും. അതിന്റെ പ്രസക്തിയും സമഗ്രതയും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാരും സര്‍വകലാശാ വൈസ് ചാന്‍സലര്‍മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കാമ്പസുകളുടെ ഇന്ത്യയില്‍ തുറക്കുന്നതിന് പുതിയ പുതിയ വിദ്യാഭ്യാസ നയം വഴിയൊരുക്കും. രാജ്യത്തെ സാധാരണ കുടുംബങ്ങളിലെ യുവാക്കള്‍ക്കും അതില്‍ ചേരാനാകും. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ യുവാക്കളുടെ അറിവും നൈപുണ്യവും ഉപയോഗിച്ച് സജ്ജമാക്കുന്നതാണ് പുതിയ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.