കോലാർ സ്വർണഖനിയുടെ അവശിഷ്ടങ്ങൾ | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി
കോലാർ സ്വർണഖനി, അഥവാ കെ.ജി.എഫ് (Kolar Gold Fields). സ്വർണം ഒളിഞ്ഞു കിടക്കുന്ന മണ്ണ്, ഇരുളടഞ്ഞ ജീവിതങ്ങളുടെ കണ്ണീർ പാടങ്ങൾ. 140 വർഷങ്ങത്തോളം പഴക്കമുള്ള ഈ സ്വർണ ഖനിയില്‍ വീണ്ടും ഖനനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കോലാറിന്‍റെ കറുത്ത മണ്ണില്‍ മഞ്ഞലോഹം വീണ്ടും തെളിഞ്ഞുവരുമ്പോള്‍ ചരിത്രത്തിലെ മറ്റൊരു സുവർണകാലമായിരിക്കുമോ തിരശ്ശീല നീക്കുന്നത്?
2001 മാർച്ച് 31-ന് ആയിരുന്നു ഭാരത് ഗോൾഡ് മൈൻസ് എന്ന പൊതുമേഖലാ ഖനന കമ്പനി കെ.ജി.എഫിലെ പ്രവർത്തനം അവസാനിപ്പിച്ചത്. പ്രവർത്തനനഷ്ടം ഏറിയതോടെയായിരുന്നു ഖനിക്ക് പൂട്ടിടേണ്ടി വന്നത്. എന്നാൽ, ഇപ്പോൾ ആധുനിക സാങ്കേതികവിദ്യയും ഉയർന്നതലത്തിലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ കോലാറിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഖനിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. വിലയേറിയ ലോഹങ്ങളിലൊന്നായ പല്ലേഡിയം അടക്കമുള്ളവ ഇവിടെ നിന്ന് ഖനനം ചെയ്യാനും നീക്കമുണ്ട്. പദ്ധതികളിലൂടെ 1,73,859.42 കോടി രൂപയുടെ വരുമാനമാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ കോലാറിലെ ഖനികൾ ലേലം ചെയ്യാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് റിപ്പോർട്ട്. വിദേശ കമ്പനികളുടെ അടക്കം സഹകരണവും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
നിലവിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുന്ന രാജ്യങ്ങളിൽ രണ്ടാമത് ഇന്ത്യയാണ്. ഒരു വര്‍ഷം 900 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം വെറും രണ്ടു മുതല്‍ മൂന്നു ശതമാനം വരെ മാത്രമാണ്. കോലാർ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ ഇത് വര്‍ധിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
മൂന്ന് കിലോമീറ്റർ ആഴമുള്ള ഖനി
ആഫ്രിക്കൻ ഖനികൾ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ സ്വർണഖനിയായിരുന്നു ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന കോലാർഖനി.മൂന്നുകിലോമീറ്റര്‍ ആഴത്തില്‍നിന്നുവരെ ഇവിടെ സ്വര്‍ണഖനനം നടത്തിയിരുന്നു. ഇവിടത്തെ തുരങ്കങ്ങളുടെ ആകെ നീളം 1400 കി.മീ വരുമെന്നാണ് കണക്ക്. 300 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പതിമൂന്നോളം കുന്നുകളിൽ ഭൂരിഭാഗവും ഇപ്പോൾ വെള്ളംനിറഞ്ഞ നിലയിലാണ്.
അടുത്തകാലത്തിറങ്ങിയ സിനിമകളിലൂടെയാണ് ലോകം വൻതോതിൽ കോലാറിനെക്കുറിച്ച് ചർച്ചചെയ്യാൻ തുടങ്ങിയത്. കർണാടകത്തിലെ കോലാർ ഖനിയെക്കുറിച്ചറിയാനും വീണ്ടും ചർച്ചയാകാനും പ്രശാന്ത് നീലിന്റെ ചിത്രം ചെറുതല്ലാത്തൊരു പങ്ക് വഹിച്ചിട്ടുണ്ട്. യാഷ് ചിത്രം കെ.ജി.എഫ്. ഒന്നാം ചാപ്റ്ററും രണ്ടാം ചാപ്റ്ററും റിലീസ് ചെയ്തതോടെ ഖനിയെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചു. ഇതിനിടെ ഖനി തുറക്കണമെന്നാവശ്യം വീണ്ടും ഉയർന്നു തുടങ്ങിയിരുന്നു. സി.പി.ഐ. അടക്കമുള്ള പാർട്ടികളും ഖനി തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
സ്വർണഖനി, കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ഒരു ഖനിയുടെ പേരിലുള്ള ഏക നിയമസഭാ മണ്ഡലമാണ് ഇത്. തൊഴിൽപരമായി പ്രദേശവാസികൾ ഖനിയെ ഏറെ ആശ്രയിച്ചിരുന്നു എന്നതുകൊണ്ട് ഓരോ തിരഞ്ഞെടുപ്പടുക്കുമ്പോഴും സ്ഥാനാർഥികൾ വാഗ്ദാനങ്ങളുമായെത്തും. കോലാർ സ്വർണഖനി തുറക്കുമെന്ന സ്ഥിരം പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. കോൺഗ്രസ് നേതാവ് കെ.എച്ച്. മുനിയപ്പയുടെ മകൾ രൂപ്കല ശശിധറാണ് കെ.ജി.എഫിലെ എം.എൽ.എ. ഖനി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ സർക്കാരുകള്‍ ഏറെക്കാലമായി നടത്തിവരികയായിരുന്നു.

ഇതുവരെ കുഴിച്ചെടുത്തത് 800 ടൺ സ്വർണം!
1802-ൽ ഈസ്റ്റിന്ത്യാ കമ്പനിക്കുവേണ്ടി ലെഫ്റ്റനന്റ് ജോൺ വാറൻ നടത്തിയ സർവേയാണ് കോലാറിന്റെ തലവര മാറ്റിയെഴുതിയത്. നാട്ടുകാരിൽനിന്ന് സ്വർണനിക്ഷേപത്തെക്കുറിച്ചറിഞ്ഞ വാറൻ കൂടുതൽ പഠനങ്ങൾക്കുശേഷം 1804-ൽ ഏഷ്യാറ്റിക് ജേണലിൽ ഖനനസാധ്യതകൾ വിശദമാക്കി ലേഖനം പ്രസിദ്ധീകരിച്ചു. എന്നാൽ, ആരും വാറന്റെ വാക്കുകൾ ഗൗരവമായെടുത്തില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം മൈക്കൽ ഫിട്സ്ഡറാൾഡ് ലാവൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ തന്റെ വിശ്രമ ജീവിതത്തിനിടെ വാറന്റെ ലേഖനം വായിക്കാനിടയായി. കോലാറിലെത്തിയ മൈക്കൽ വിശദമായി പഠനം നടത്തി. തുടർന്ന് മൈസൂർ രാജാവിൽ നിന്ന് ഖനന ലൈസൻസ് സ്വന്തമാക്കുകയായിരുന്നു.
എന്നാൽ, ആധുനിക സംവിധാനങ്ങളുടെ ബലവും വലിയ മൂലധനവുമില്ലാതെ ജോലി അത്ര എളുപ്പമല്ലെന്ന് ബോധ്യംവന്ന അദ്ദേഹം ലൈസൻസ് മറിച്ചു വിൽക്കുകയായിരുന്നു. ഇതേത്തുടർന്ന് 1880-ല്‍ ജോണ്‍ ടെയ്‌ലര്‍ ആന്‍ഡ് സണ്‍സ് എന്ന ബ്രിട്ടീഷ് കമ്പനി കോലാറില്‍ എത്തുകയും 1883-ൽ ആധുനികരീതിയിലുള്ള ഖനനം ആരംഭിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ പ്രദേശത്തിന് കെ.ജി.എഫ്. എന്ന പേര് ഉണ്ടാവുന്നത്.
1956-ൽ ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയുടെ കീഴിലായ കെ.ജി.എഫില്‍ ക്രമേണ ഖനനം കുറഞ്ഞുവന്നു. വർധിച്ച ഉത്പാദനച്ചെലവും പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റും കാരണം 2001-ൽ ഖനനം അവസാനിപ്പിച്ചു. എട്ടു ഖനികളിൽനിന്നായി 800 ടൺ സ്വർണമാണ് ഇക്കാലയളവിൽ ഇവിടെനിന്നു കുഴിച്ചെടുത്തതെന്നാണ് കണക്ക്.
കെ.ജി.എഫ്. അടച്ചിട്ടതിന് പിന്നാലെ, കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകള്‍ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു. ഖനിയുടെ ഉടമസ്ഥത കേന്ദ്ര സര്‍ക്കാരിനാണെങ്കിലും ഖനന ലൈസന്‍സ് നല്‍കാനുള്ള അധികാരം സംസ്ഥാനത്തിനായിരുന്നു. ഇത് ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു. 2013-ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് ഖനി വീണ്ടും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഭാരത് ഗോള്‍ഡ് മൈന്‍സിന്റെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം കര്‍ണാടകയ്ക്ക് കത്തയച്ചിരുന്നു.
കെ.ജി.എഫ്. തുറക്കുമ്പോൾ
ഖനി വീണ്ടും തുറക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ഒരുപക്ഷെ കോലാറിലെ ജനങ്ങളായിരിക്കും. ജോലിസാധ്യതകൾ വർധിപ്പിക്കുന്നു എന്നത് തന്നെയാണ് കാരണം. എന്നാൽ വീണ്ടും ചൂഷണത്തിലേക്കും ഇരുളടഞ്ഞ ജീവിതത്തിലേക്കുമായിരിക്കുമോ ജനങ്ങൾക്ക് പോകേണ്ടി വരിക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കുഴിച്ചെടുത്തിരുന്നത് സ്വർണമാണെങ്കിലും ഖനിയിൽ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതം യഥാർഥത്തില്‍ നരകതുല്യമായിരുന്നു. ആവശ്യത്തിന് ആധുനിക സംവിധാനങ്ങളില്ലാതെ, ഖനികളിൽ അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥ പരിതാപകരമായിരുന്നു. ഓരോ ചുവടിലും പതിയിരിക്കുന്ന അപകടങ്ങളും കടുത്ത ചൂടിലും പൊടിയിലും തൊഴിലെടുക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും ആയിരക്കണക്കിന് തൊഴിലാളികളുടെ മരണത്തിനിടയാക്കി.
ദിവസങ്ങൾനീണ്ട പണിമുടക്ക് ഉൾപ്പെടെയുള്ള പോരാട്ടങ്ങളിലൂടെയാണ് ഖനിത്തൊഴിലാളികൾ പല തൊഴിൽ ആനുകൂല്യങ്ങളും നേടിയെടുത്തത്. പിൽക്കാലത്ത് സൗജന്യവിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഈ വിഭാഗം തൊഴിലാളികൾക്കും ലഭിച്ചുതുടങ്ങിയെങ്കിലും അവരുടെ ജീവിതസാഹചര്യം പരിതാപകരം തന്നെയായിരുന്നു.

"കോലാറിൽ അന്നുണ്ടായിരുന്ന സ്വർണഖനികൾ ബ്രിട്ടീഷ് കമ്പനികളുടെ അധീനതയിലായിരുന്നു. ഖനനം ചെയ്തെടുത്തിരുന്ന ടൺകണക്കിലുള്ള സ്വർണക്കട്ടകളാണ് ഇംഗ്ലണ്ടിലേക്ക് അക്കാലത്ത് കോലാറിൽനിന്ന് അയച്ചിരുന്നത്. ചില ഖനികൾക്ക് മൂന്നുനാല് കിലോമീറ്റർവരെ താഴ്ചയുണ്ടായിരുന്നു. ഇറ്റാലിയൻ യുദ്ധത്തടവുകാരെ 1944 കാലത്ത് ഖനികളിൽ ജോലിക്കായി നിയോഗിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളായിരുന്നു ഓരോ ഖനിയിലും ഉണ്ടായിരുന്നത്. അവരിലധികവും തമിഴരും മലയാളികളുമായിരുന്നു. ദിവസം എട്ടുമണിക്കൂറിലധികം ജോലിയെടുത്തിരുന്ന അവർക്ക് കമ്പനികൾ കൊടുത്തിരുന്ന ശമ്പളം വളരെ തുച്ഛമായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന സിലിക്കോസിസ്‌പോലുള്ള മഹാരോഗങ്ങൾ തൊഴിലാളികളിൽ പലർക്കുമുണ്ടായിരുന്നു. വളരെ ആഴത്തിലുള്ള ഖനികളിൽ ചൂടിന്റെ ആധിക്യംകാരണം അവരുടെ ദേഹത്ത് പൊള്ളലേൽക്കുന്നത് വളരെ സാധാരണമായിരുന്നു. മണ്ണിടിച്ചിൽ കാരണം പലപ്പോഴും തൊഴിലാളികൾ മരണപ്പെടുകയും ചെയ്തിരുന്നു"
മൈസൂർ ഖനിയെന്ന പേരിലുള്ള ഒന്നിന്റെ, സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച കെ.സി. കുഞ്ഞനുജൻ രാജയെപ്പറ്റി മാതൃഭൂമി പ്രസിദ്ധീകരിച്ച 'എന്റെ കാലം എന്റെ രാഷ്ട്രീയം' എന്ന ലേഖനത്തിൽ നിന്ന്.
ഇപ്പോള്‍, കോലാറിലെ സുവർണകാലം വീണ്ടും ആരംഭിക്കാൻ പോകുന്നെന്ന വാർത്തകൾ പുറത്തുവരുമ്പോൾ പ്രതീക്ഷയിലാണ് തൊഴിലാളികള്‍. സാങ്കേതിക വിദ്യ ഏറെ വികസിച്ച പുതിയ കാലത്ത് അപകടം കുറഞ്ഞ, ആയാസം കുറഞ്ഞ സാഹചര്യങ്ങളില്‍ തൊഴിലെടുക്കാനാകുമെന്നും മെച്ചപ്പെട്ട ജീവിതാസാഹചര്യം ലഭ്യമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
Content Highlights: Government initiates process to recover residual gold from processed ore in Kolar Gold Fields
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..