ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി പത്തുവരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. കമ്പനികള്‍ക്കും ഓഡിറ്റ് ചെയ്യേണ്ട വ്യക്തികള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നികുതി ദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടുകയാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.

എല്ലാ വര്‍ഷവും ജൂലായ് 31 ആണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മൂന്നാം തവണയാണ് അവസാന തീയതി നീട്ടുന്നത്. ഡിസംബര്‍ 31 വരെയാണ് അവസാനമായി തീയതി നീട്ടിയിരുന്നത്.

Content Highlights: Government extends deadline for filing Income Tax returns