ശ്രീനഗര്‍: റംസാന്‍ പ്രമാണിച്ച്‌ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് മേഖലയില്‍ സൈനിക നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് ഇക്കാര്യം അറിയിച്ചത്.

 സമാധാനാന്തരീക്ഷത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതിനാണ്‌  ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇതിന്‌ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടാവുകയോ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് അധികാരമുണ്ടായിരിക്കും. നാളെയാണ് റംസാന്‍ മാസം ആരംഭിക്കുന്നത്.

Content Highlights: ceasefire, Jammu and Kashmir, Ramzan, Ministry of Home Affairs