ന്യൂഡല്‍ഹി: മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെടെയുള്ള നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് കാലാവധി വെട്ടിക്കുറച്ചു. ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

രാകേഷ് അസ്താന, ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ, ഡി.ഐ.ജി. മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് ജെ. നായ്ക്ക്നവാരെ എന്നിവരുടെ സര്‍വ്വീസ് കാലാവധിയാണ് വെട്ടിക്കുറച്ചത്. സി.ബി.ഐ. ഡയറക്ടറായ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് സ്പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരുടെ കാലാവധിയും കുറച്ചത്.

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗത്തിലാണ് അലോക് വര്‍മ്മയെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനമെടുത്തത്. ജസ്റ്റിസ് എ.കെ. സിക്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. ഇത് മറികടന്നാണ് അലോക് വര്‍മ്മയെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. തുടര്‍ന്ന് അലോക് വര്‍മ്മയെ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാതെ സര്‍വ്വീസില്‍നിന്ന് രാജിവെക്കുകയായിരുന്നു. 

Content Highlights: government curtails rakesh asthana and three other cbi officers tenure