ന്യൂഡല്‍ഹി: കാമുകിയുടെ ചിലവ് താങ്ങാതെ വന്ന ഗൂഗിള്‍ എന്‍ജിനീയര്‍ പണം മോഷ്ടിച്ചത് പോലീസ് കൈയോടെ പിടികൂടി. ഡല്‍ഹി താജ് പാലസില്‍ വച്ച് നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ച ഗര്‍വീത് സാഹ്നി എന്ന 24 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് 3000 രൂപയും കണ്ടെടുത്തു.

കഥ ഇങ്ങനെയാണ്. സെപ്തംബര്‍ 11 ന് താജില്‍ ഐ.ബി.എം സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെ ദേവ്‌യാനി ജയിന്‍ എന്നയാളുടെ ബാഗില്‍ നിന്ന് 10,000 രൂപ മോഷണം പോയി. പരാതി കിട്ടിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് ആളെ ഏതാണ്ട് മനസിലാക്കി. അയാള്‍ ഒരു ടാക്‌സി കാറിലാണ് വന്നതെന്ന് മനസിലായി. കാറിന്റെ നമ്പറും ദൃശ്യങ്ങളിലുണ്ടായിരുന്നു. കോണ്‍ഫറന്‍സിന് ക്ഷണിച്ചവരുടെ പട്ടികയില്‍ നിന്ന് പോലീസ് ആളെ ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു.

ടാക്‌സി കാര്‍ ഡ്രൈവറുമായി ബന്ധപ്പെട്ട് ഏത് ഫോണ്‍നമ്പറില്‍ നിന്നാണ് താജിലേക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. എന്നാല്‍ ആ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാളുടെ പുതിയ നമ്പര്‍ കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ വെച്ചാണ് ഗര്‍വീതിനെ പോലീസ് പിടികൂടിയത്. 

താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും കാമുകിയുടെ ചിലവ് താങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മധുര്‍ വര്‍മ പറഞ്ഞു.

content highlights: Google Techie Steals Cash To Meet Girlfriend's Expenses In Delhi