ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇ.ഡി. ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.  

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസ്സുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി സുപ്രീംകോടതി സ്റ്റേ ചെയ്തത്. 

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് ഇ.ഡി. ഉദ്യോഗസ്ഥന്‍ അപ്പീല്‍ നല്‍കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍  ഇ.ഡി. ഉദ്യോഗസ്ഥന്‍ നല്‍കിയ സിവില്‍ റിട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസിലെ ക്രിമിനല്‍ കേസ് റദ്ദാക്കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ പരിഗണിക്കാന്‍ അധികാരം ഉണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജി ജനുവരി 17-ന് ആരംഭിക്കുന്ന ആഴ്ച ഹര്‍ജി പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി.

content highlights: gold smuggling case, supreme court stayed the examination of evidence against ED officials