ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വഷിക്കുന്നതിന് എന്‍.ഐ.എ. സംഘത്തിന് ദുബായിലേക്ക് പോകാന്‍ അനുമതി. ഒരു എസ്.പി. അടക്കം രണ്ടംഗസംഘം ദുബായിലെത്തും.
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയതും. എന്‍.ഐ.എയ്ക്ക് അനുമതി ലഭിച്ചു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രണ്ടു ദിവസത്തിനുള്ളില്‍ എന്‍.ഐ.എയുടെ രണ്ടംഗ സംഘം ദുബായിലേക്ക് യാത്ര തിരിക്കും. സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എന്‍.ഐ.എ. സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യം. കേസിലെ മറ്റൊരു പ്രതിയായ റെബിന്‍സണ്‍ എന്നയാളെ കസ്റ്റഡിയിലെടുക്കാനും ഇതിനായി ദുബായ് പോലീസിന്റെ സഹായം എന്‍.ഐ.എ. തേടുമെന്നും വിവരമുണ്ട്.
ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.
എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യു.എ.ഇ. സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് ഒരു ഫെഡറല്‍ കുറ്റമായാണ് യു.എ.ഇ. കണക്കാക്കുന്നത്. അതിനാല്‍ ഫൈസലിനെ അബുദാബി പോലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുമുണ്ട്.
ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യവും എന്‍.ഐ.എ. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. കേരളത്തില്‍നിന്ന് പോയ യു.എ.ഇയുടെ അറ്റാഷെ ഇപ്പോള്‍ ദുബായിലുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രാലയം വഴി ഒരു കത്ത് ഇന്ത്യ നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബായ് അധികൃതരുമായോ യു.എ.ഇ. അധികൃതരുമായോ എന്‍.ഐ.എ. ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്.
സ്വര്‍ണക്കടത്തിലെ ഏറ്റവും പ്രധാനകണ്ണി ഫൈസല്‍ ഫരീദാണ്. സ്വര്‍ണം യു.എ.ഇയില്‍നിന്ന് അയച്ചത് ഫൈസലിന്റെ പേരിലാണ്. എന്നാല്‍ ഫൈസലിനെയും റെബിന്‍സണെയും ചോദ്യം ചെയ്യുന്നതിനു മുന്‍പാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍.ഐ.എ. ചോദ്യം ചെയ്തത്. അതിനാല്‍ തന്നെ ഫൈസലിനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.
സ്വര്‍ണക്കടത്തിന് പണവും സഹായവും നല്‍കിയത് ആരൊക്കെ എന്നുള്ളതാണ് കണ്ടെത്തേണ്ടത്. സ്വര്‍ണക്കടത്തിന് ആവശ്യമായ പണം ഹവാല ഇടപാടിലൂടെയാണ് ഫൈസലിന് കൈമാറിയിരിക്കുന്നത് എന്നാണ് വിവരം. ഈ വിഷയങ്ങള്‍ എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരും. ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
content highlights: gold smuggling case: nia team will go to dubai