ഭരണത്തില്‍ വിപരീതമായ ഫലമുണ്ടാകും; സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റരുതെന്ന് കേരളം 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

ഇഡി നടത്തിയ അന്വേഷണത്തെ ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാരോ, പോലീസോ തടസ്സപെടുത്തിയിട്ടില്ല

Photo-PTI

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇ.ഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തില്‍ വിപരീതമായ ഫലം ഉണ്ടാക്കും. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്‍പ്പിക ആശങ്കയാണ് ഇഡിയുടേത്. കേസില്‍ കക്ഷികള്‍ ആകാതെയാണ് ഉന്നത രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, ജയില്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ ഇഡി കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. വിചാരണ മാറ്റാന്‍ തക്കതായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും അത് വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇഡി നടത്തിയ അന്വേഷണത്തെ ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാരോ, പോലീസോ തടസ്സപെടുത്തിയിട്ടില്ല. സമന്‍സ് ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും ചോദ്യം ചെയ്യലിന് ഹാജരായി. മൊഴി രേഖപ്പെടുത്തുന്ന അവസരത്തില്‍ അതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അന്വേഷണ വിഷയവും ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഇഡി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണ ഏജന്‍സികളുടെ ഇത്തരം പ്രവര്‍ത്തനം സംസ്ഥാനത്തെ വികസന പദ്ധതികളെ ബാധിച്ചിട്ടുണ്ട്. തെളിവുകളുടെ പിന്‍ബലം ഇല്ലാതെയാണ് സ്വാധീനങ്ങള്‍ക്ക് വഴങ്ങി സ്വപ്ന സുരേഷ് ഉന്നതര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്. അന്വേഷണ ഏജന്‍സി ആവശ്യപ്പെടാതെയാണ് സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയത്. ഇതിനെ കോടതിയില്‍ അന്വേഷണ ഏജന്‍സി എതിര്‍ത്തില്ല. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കേരളം ആരോപിച്ചിട്ടുണ്ട്.

ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ പി. എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. എതിര്‍കക്ഷി ആക്കിയിട്ടില്ലെങ്കിലും, ഗുരുതരം ആയ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ഉന്നയിക്കുന്നത്. അതിനാല്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിക്കുന്നത്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്

നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. മൂന്ന് അംഗ ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത്. ഒക്ടോബര്‍ പത്തിന് ആണ് ഇഡിയുടെ ഹര്‍ജി കോടതി പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് ലളിതിന് പുറമെ ജസ്റ്റിസ്മാരായ എസ് രവീന്ദ്ര ഭട്ട്, ജെ ബി പര്‍ഡിവാല എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജൂലായ് ആദ്യ വാരമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊച്ചി സോണല്‍ ഓഫീസിലെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ 406- ാം വകുപ്പ് പ്രകാരം ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ലിസ്റ്റിങ്ങിന് മുമ്പുള്ള മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇഡി രണ്ട് മാസത്തിലധികം സമയമെടുത്തു. ഇതേ തുടര്‍ന്നാണ് ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ വൈകിയതെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ പറഞ്ഞു. ഇഡിയുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

കേരളത്തിന്റെ നീക്കം ഭരണഘടന
വിദഗ്ധരുടെ നിയമ ഉപദേശം ലഭിച്ചതിന് ശേഷം

സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ പെറ്റീഷന് എതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചത് ഭരണഘടന വിദഗ്ദ്ധരുടെ നിയമ ഉപദേശത്തിന് ശേഷം. സര്‍ക്കാരിലെ ഉന്നതന്‍ ഭരണഘടന പദവി വഹിച്ചിരുന്ന സീനിയര്‍ അഭിഭാഷകന്റെ നിയമോപദേശവും തേടിയിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന സുരേഷ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീംകോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ഇഡി വ്യക്തമാക്കിയിരുന്നു. ഉള്ളടക്കം പരസ്യപ്പെടുത്തില്ലെന്ന് ഇഡി അറിയിച്ചിട്ടുണ്ടെങ്കിലും, കോടതിയില്‍ ഇഡിയുടെ അഭിഭാഷകന്‍ എത്രത്തോളം വെളിപ്പെടുത്തല്‍ നടത്തുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രിക്കോ, കുടുംബാംങ്ങള്‍ക്കോ എതിരെ സുപ്രീംകോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായാല്‍ അത് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കും. ഇഡി യുടെ ആരോപണങ്ങള്‍ കോടതിയില്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടാകണമെന്ന നിയമോപദേശമാണ് കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.

ഇഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുമെന്നാണ് സൂചന. തുഷാര്‍ മേത്തയ്ക്ക് ഒപ്പം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ എസ് വി രാജു, കെ എം നടരാജ് എന്നിവരും ഹാജരായേക്കും. കേസില്‍ തടസ ഹര്‍ജി നല്‍കിയിട്ടുള്ള എം ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഹാജരാകുന്നത്.

Content Highlights: gold smuggling case kerala in supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented