ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യുട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ കേരളം സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ ഉത്തരവില്‍ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരായ അപ്പീല്‍ ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസ്സുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരേ ക്രൈം ബ്രാഞ്ച് ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. 

എഫ്‌ഐആര്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്ക് എതിരേ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആദ്യം കേസില്‍ വാദം കേള്‍ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് കേസ് സുപ്രീം കോടതിയിലേക്ക് മാറ്റാന്‍ ഇഡിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിനാലാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശാണ് സംസ്ഥാന സര്‍ക്കാരിന്റെ തടസ്സ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Contet Highlights: Gold Smuggling Case: Kerala filed Petition in Supreme Court against ED