ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ സഹോദരന്‍ കെ.ടി റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെക്കൊണ്ട് കുറ്റ സമ്മതം നടത്തിപ്പിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ കുടുംബാംഗമാണോ ഫൈസല്‍ ഫരീദ് എന്ന് സംശയിക്കേണ്ടതാണെന്നും റൈഷാദ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടയിലാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതിയായ റമീസിനെ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ ഉത്തരവിറങ്ങിയത്. ഇതിനെതിരെ റൈഷാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളിയിരുന്നു. കസ്റ്റഡിയില്‍വച്ച് പീഡിപ്പിച്ചും, ഭീഷണപ്പെടുത്തിയും ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പുറപ്പടിവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

യുഎഇയുമായുള്ള രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെക്കെതിരെ നടപടി എടുക്കാത്തത്. നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത് എന്നും റൈഷാദ് ആരോപിക്കുന്നു. 

ദുബായില്‍നിന്ന് സ്വര്‍ണ്ണം അയച്ച ഫൈസല്‍ ഫരീദിനെ ഇതുവരെ കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നയന്തന്ത്ര പ്രതിനിധിയുടെ പേരില്‍വന്ന 79 കിലോ സാധനങ്ങളുടെ ഒറ്റ പാഴ്‌സലിലാണ് 30 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്. തനിക്ക് സാധനം അയച്ചത് ബന്ധുവാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ പാഴ്‌സല്‍ അയച്ച ഫൈസല്‍ ഫരീദ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ബന്ധു ആണോ എന്ന് സംശയിക്കേണ്ടി വരുമെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അഭിഭാഷകന്‍ മനോജ് വി ജോര്‍ജ് തയ്യാറാക്കിയ ഹര്‍ജി അഭിഭാഷക ശില്‍പ്പ ലിസ ജോര്‍ജ് ആണ് ഫയല്‍ ചെയ്തത്.