കെ. മുരളീധരൻ | Image: Mathrubhumi news screengrab
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. കെ. മുരളീധരന്‍. കള്ളന്‍ ബിരിയാണിച്ചെമ്പിലാണെന്നും അവിടെനിന്ന് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ. അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം. അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
മുന്‍പ് സോളാര്‍ കേസില്‍ കുറ്റം ആരോപിക്കപ്പട്ട വ്യക്തി അന്നത്തെ മുഖ്യമന്ത്രിക്ക് എതിരായി ഒരു പ്രസ്താവന നടത്തി. അത് 164 ആയിരുന്നില്ല. പത്രസമ്മേളനത്തില്‍ അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതിനെ ശരിവെച്ചവരാണ് കേരളത്തിലെ ഇടതുമുന്നണിയും ഇന്നത്തെ മുഖ്യമന്ത്രിയും. എന്നാല്‍ ഇപ്പോഴത്തേത് 164 അനുസരിച്ച് ഒരു സ്ത്രീ നല്‍കിയ മൊഴിയാണ്. അത് കോടതിയില്‍ ഒരിക്കലും മാറ്റിപ്പറയാനാകില്ല. പക്ഷെ അതിന്റെ തെളിവുകള്‍ പൂര്‍ണമായി പുറത്തുവരണമെങ്കില്‍ ഒരു അന്വേഷണം വേണം. അത് സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമില്ലാത്ത അന്വേഷണം ആയിരിക്കണം- മുരളീധരന്‍ പറഞ്ഞു.
Also Read
ഒന്നുകില്‍ ജുഡീഷ്യല്‍ അന്വേഷണം അല്ലെങ്കില്‍ സി.ബി.ഐ. അന്വേഷണം അതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടായാലും ഹൈക്കോടതിയുടെ മേല്‍നോട്ടം ഉണ്ടാകണം എന്നാണ് തങ്ങളുടെ പ്രധാന ആവശ്യം. അന്വേഷണം കഴിയുന്നിടം വരെ മുഖ്യമന്ത്രി മാറിനില്‍ക്കണം. അതില്‍ ഒരു വിട്ടുവീഴ്ച വരുത്താനും യു.ഡി.എഫ്. തയ്യാറല്ല. കാരണം മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് അദ്ദേഹം മാധ്യമങ്ങളില്‍നിന്ന് അകന്നുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ സംശയം വര്‍ധിക്കുകയാണ്. മുന്‍പ് കെ. കരുണാകരനെതിരേയും ഉമ്മന്‍ ചാണ്ടിക്കെതിരേയും ആരോപണം വന്നപ്പോള്‍ ഇരുവരും പത്രക്കാരോട് തങ്ങളുടെ നിരപരാധിത്വം ശക്തമായി പ്രകടിപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് പിണറായി വിജയന്‍ ഒളിച്ചുകളിക്കുന്നതെന്നും മുരളീധരന്‍ ആരാഞ്ഞു. മുഖ്യമന്ത്രി ആരെയോ ഭയപ്പെടുന്നുണ്ട്. മടിശ്ശീലയില്‍ കനമില്ലാത്തവന് വഴിയില്‍ കള്ളനെ പേടിക്കേണ്ടെന്ന് അദ്ദേഹം തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇവിടെ ബിരിയാണിച്ചെമ്പിലാണ് കള്ളനുള്ളത്. ആ ചെമ്പില്‍നിന്നാണ് കള്ളനെ പുറത്തുകൊണ്ടുവരേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Content Highlights: gold smuggling case and allegations of swapna: k muraleedharan demands cbi or judicial enquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..