കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കുളളില്‍ നിന്നുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യം മതപരമായും അല്ലാതെയുമുളള ആഘോഷങ്ങളെ വരവേല്‍ക്കുന്നത്. ആഘോഷമെന്തായാലും മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും മുഖ്യമായ ഇക്കാലത്ത് ദുര്‍ഗാപൂജയ്ക്കായി പശ്ചിമ ബംഗാളില്‍ ഒരുങ്ങുന്നത് സ്വര്‍ണമാസ്‌ക് ധരിച്ച ദുര്‍ഗാ ദേവിയുടെ വിഗ്രഹമാണ്. 

ഇരുപത് ഗ്രാം സ്വര്‍ണമുപയോഗിച്ചൊരുക്കുന്ന മാസ്‌ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവിയുടെ കരങ്ങളിലേന്തുന്ന വിധത്തിലായിരിക്കും വിഗ്രഹം. ദുര്‍ഗയുടെ കൈകളില്‍ സാധാരണയായി കാണപ്പെടുന്ന ആയുധങ്ങള്‍ക്ക് പകരം സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, മാസ്‌ക്, സിറിഞ്ച് തുടങ്ങിയവയാണ് ഇടംപിടിച്ചിരിക്കുന്നത്.  

വിഗ്രഹം പൂര്‍ത്തിയാകുന്നതിനായി സമയമെടുക്കുമെങ്കിലും ദുര്‍ഗാ പൂജയ്ക്കായി ഒരുക്കുന്ന വിഗ്രഹത്തിന്റെ  ആശയം ഞായറാഴ്ച കൊല്‍ക്കത്തയിലെ ബഗുയാട്ടിയിലെ പൂജാ പന്തലില്‍ അനാച്ഛാദനം ചെയ്തു. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാശയം സ്വീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. 

ദേവിയെ സ്വര്‍ണമാസ്‌ക് അണിയിച്ചിരിക്കുന്നതിനാല്‍ സ്വര്‍ണമാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് തെറ്റിധരിക്കരുതെന്ന് തൃണമൂല്‍ എംഎല്‍എയും ഗായികയുമായ അദിതി മുന്‍ഷി പറഞ്ഞു. 'ബംഗാളിന്റെ എല്ലാ പെണ്‍മക്കളും ശ്രേഷ്ഠരാണ്, തങ്ങളുടെ പെണ്‍മക്കളെ സ്വര്‍ണത്തില്‍ പൊതിയാനാണ്  എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. സ്വര്‍ണമാസ്‌കെന്ന ആശയത്തിന് പിന്നില്‍ അതാണ്. കൂടാതെ മാസ്‌ക് ധാരണത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടക്കൂടിയാണ് അത്തരമൊരാശയം. കോവിഡിനെ അകറ്റി നിര്‍ത്താന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം കൃത്യമായി പാലിക്കുക തന്നെ വേണമെന്നും അദിതി മുന്‍ഷി കൂട്ടിച്ചേര്‍ത്തു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂജകള്‍ക്കും മറ്റുമായി ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാന്‍ സമൂഹപൂജകള്‍ക്ക്  കല്‍ക്കത്ത ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. എങ്കിലും രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ ദുര്‍ഗാപൂജയ്ക്കായി എത്തിച്ചേരാന്‍ കാത്തിരിക്കുകയാണ് ബംഗാളിലെ ജനങ്ങള്‍. ബംഗാള്‍ സംസ്‌കാരത്തില്‍ വളരെയേറെ പ്രധാന്യം കല്പിക്കുന്ന ഒന്നാണ് ദുര്‍ഗാപൂജ.

 

Content Highlights:20 grm Gold mask for goddess Durga in Kolkata to keep Covid at bay