-
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ട്രെഷറി വകുപ്പിലെ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു. ആഡംബര വാഹനങ്ങള്‍, സ്വര്‍ണത്തിന്റെ വലിയ ശേഖരം, പണം, ആയുധങ്ങള്‍, കുതിര തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി വാങ്ങാറുള്ള ആളാണ് ഈ ഉദ്യോഗസ്ഥനെന്ന് ആരോപണമുണ്ട്.
വെടിമരുന്നുകളും ആയുധങ്ങളും ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. 84 കിലോ വെള്ളി, 2.4 കിലോ സ്വര്‍ണം, 15 ലക്ഷം രൂപ, 49 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഉള്‍പ്പെടെ നിരവധി ലക്ഷ്വറി വാഹനങ്ങള്‍, മൂന്ന് പിസ്റ്റളുകള്‍, എയര്‍ ഗണ്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളില്‍ ചിലത് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ഭാര്യാപിതാവിന്റെ വസതിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നിലവില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പോലീസ് കോണ്‍സ്റ്റബിളായിരുന്ന അച്ഛന്‍ സര്‍വ്വീസിലിരിക്കെ മരിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ജോലി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വത്തുക്കളെല്ലാം അനധികൃതമായി സമ്പാദിച്ചതാണെന്നാണ് പോലീസ് വിലയിരുത്തല്‍.
Content Highlight: Gold, guns, horse, cash Seized From Andhra pradesh treasury department official
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..