ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് വിതരണം ചെയ്തിന്റെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഗോവ. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഗോവന്‍ ജനസംഖ്യയിലെ 37.35 ശതമാനത്തില്‍ അധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമാണ് രണ്ടാം സ്ഥാനത്ത്. 37.29 ശതമാനം പേരാണ് സിക്കിമില്‍ വാക്‌സിന്റെ ഒന്നാംഡോസ് സ്വീകരിച്ചത്. കേരളം അഞ്ചാം സ്ഥാനത്താണ്. ഇതുവരെ 26.23 ശതമാനം പേരാണ് സംസ്ഥാനത്ത് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍ നല്‍കിയ കണക്കില്‍ മൂന്നാംസ്ഥാനത്ത് ഹിമാചല്‍ പ്രദേശും നാലാംസ്ഥാനത്ത് ത്രിപുരയുമാണ്. ഹിമാചല്‍ പ്രദേശില്‍ 30.35% പേരും ത്രിപുരയില്‍ 29.07% പേരുമാണ് ആദ്യഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഗുജറാത്തും ഡല്‍ഹിയുമാണ് ആറ്, ഏഴ് സ്ഥാനങ്ങളില്‍. 25.69%, 25.39% എന്നിങ്ങനെയാണ് ഗുജറാത്തിലെയും ഡല്‍ഹിയിലെയും വാക്‌സിനേഷന്‍ നിരക്ക്. 

ഇന്ത്യയില്‍ ഇതുവരെ 21.58 കോടിയില്‍ അധികം ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. ജനസംഖ്യയിലെ 15.74 ശതമാനം ആളുകള്‍ക്കാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. അതേസമയം, സമ്പൂര്‍ണ വാക്‌സിനേഷന്റെ(രണ്ട് ഡോസുകളും നല്‍കിയത്) കണക്ക് നോക്കിയാല്‍ ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളാണ് മുന്നില്‍. ജനസംഖ്യയില്‍ 13 ശതമാനത്തിന് ലഡാക്കും ത്രിപുരയും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ലക്ഷദ്വീപില്‍ പത്തുശതമാനം പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുള്ളത്.

ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശാണ്. വെറും 8.53 ശതതമാനം പേര്‍ക്കാണ് ഉത്തര്‍ പ്രദേശ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ബിഹാറാണ് ഉത്തര്‍പ്രദേശിന് തൊട്ടുമുന്നില്‍. 8.61 ശതമാനം പേര്‍ക്കാണ് ബിഹാറില്‍ ആദ്യഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. 

content highlights: goa tops vaccination rate, kerala on fifth position and uttar pradesh at the bottom