പനജി: ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച സ്ഥലത്ത് ശുദ്ധിക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ഗോവ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച കലാ അക്കാദമിയില്‍ ശുദ്ധിക്രിയ നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവ കലാ സംസ്‌കാരിക മന്ത്രി ഗോവിന്ദ ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാവില്ല. ശക്തമായ നടപടിയുണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്റിലൂടെ അറിയിച്ചു. 

അക്കാദമിയിലെ ജീവനക്കാര്‍ നാല് പൂജാരിമാരെ വിളിപ്പിച്ച് ശുദ്ധിക്രിയ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മനോഹര്‍ പരീക്കറെ അപമാനിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം നടന്ന് വരികയാണെന്നും. കലാ അക്കാദമി ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കലാം സാംസ്‌കാരിക സെന്റര്‍ സെക്രട്ടറി ഗുരദാസ് പിലെര്‍നെകര്‍ പറഞ്ഞു.

Content Highlihgts:  Goa Probing If Site Where Manohar Parrikar's Body Was Kept Was "Purified"