പനാജി: ബി.ജെ.പി നേതാവും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ അര്‍ബുദം ബാധിച്ചുള്ള മരണം ദൈവത്തിന്റെ ശിക്ഷയാണെന്ന കത്തോലിക്ക വൈദികന്റെ പരാമര്‍ശം വിവാദത്തില്‍. വൈദികന്റെ പരാമര്‍ശം ഗോവയിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നല്‍കി.

വൈദികനായ ഫാദര്‍ കോണ്‍സൈസാവോ ഡിസില്‍വ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൗത്ത് ഗോവയിലെ രാജാ പള്ളിയില്‍ വിശ്വാസികളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 

മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുകയും കത്തോലിക്കരുടെ പൊതുഅവധികള്‍ ഇല്ലാതാക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ ദൈവകോപത്തെ തുടര്‍ന്നാണ് പാരീക്കര്‍ക്ക് ക്യാന്‍സര്‍ വന്നതും തുടര്‍ന്ന് മരണപ്പെട്ടതെന്നുമായിരുന്നു പരാമര്‍ശം.

ബി.ജെ.പി ന്യൂനപക്ഷങ്ങളെ ദ്രേഹിക്കുകയാണെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നും കോണ്‍സൈസാവോ ഡിസില്‍വ പറഞ്ഞിരുന്നു. 

വൈദികന്‍ നടത്തിയ പരാമര്‍ശം സാമുദായിക ഐക്യം തകര്‍ക്കുന്നതും വെറുപ്പും ഭയവും പ്രചരിപ്പിക്കുന്നതും ആണെന്നും ബി.ജെ.പി നല്‍കിയ പരാതിയില്‍ പറയുന്നു.

content highlights: Goa priest says Manohar Parrikar's cancer death was god's punishment