പനാജി: മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ മരണത്തോടെ പ്രതിസന്ധിയിലായ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ കരുനീക്കങ്ങളുമായി ബി ജെ പി. ഗോവയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍കര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിജയ് ടെന്‍ഡുല്‍കറെ മുഖ്യമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഇരുപാര്‍ട്ടികളും സമ്മതിച്ചെന്നാണ് സൂചന. 

അതേസമയം തങ്ങള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടതായും സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതായും കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്‌ലേകര്‍ പറഞ്ഞു. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ക്ക് പതിന്നാല് എം എല്‍ എമാരാണ് ഉള്ളത്. അതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തരണം. ഭൂരിപക്ഷം തെളിയിക്കാമെന്ന് ഗവര്‍ണറെ അറിയിച്ചെന്നും ചന്ദ്രകാന്ത് കൂട്ടിച്ചേര്‍ത്തു.

ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഞായറാഴ്ച അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രതിസന്ധി രൂപപ്പെട്ടത്. ആകെ 40 അംഗങ്ങളായിരുന്നു ഗോവ നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ മൂന്ന് എം  എല്‍ എമാര്‍ രാജിവെക്കുകയും മനോഹര്‍ പരീക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഗോവ നിയമസഭയിലെ എം എല്‍ എമാരുടെ എണ്ണം 35 ആയി കുറഞ്ഞു. 12 ആണ് ബി ജെ പിയുടെ അംഗസംഖ്യ. പതിന്നാല് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 

content highlights: goa new chief minister bjp discusses with allies congress meets governor