പനാജി:വിദേശ സഞ്ചാരം നടത്തി റെക്കോഡ് ഇട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് ഗോവ പ്രദേശ് കോണ്‍ഗ്രസ് വക്താവ് സങ്കല്‍പ് അമോന്‍കര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് രജിസ്റ്റര്‍ കത്തയച്ചു.

കത്ത് ഗോവാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നാലുവര്‍ഷം കൊണ്ട് 52 രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയെന്നും ഇതിനായി 355 കോടിരൂപ ചിലവഴിച്ചെന്നും കത്തില്‍ പറയുന്നു. 

"ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ട് . അദ്ദേഹം ഇന്ത്യയുടെ സമ്പത്ത് ശരിയായി വിനിയോഗിച്ചുകൊണ്ട് നാലുവര്‍ഷത്തിനുള്ളില്‍  41 യാത്രകള്‍ 52 രാജ്യങ്ങളിലേക്ക് നടത്തി. അദ്ദേഹം ഇതുവരേക്കും 355,30,38,465 രൂപ ചിലവഴിച്ചു.

ഇന്ത്യയുടെ ഭാവിതലമുറയ്ക്ക് അദ്ദേഹം ഒരു മാതൃകയാണ്. കാരണം ലോകത്തെ മറ്റൊരു പ്രധാനമന്ത്രിയും അവരുടെ കാലാവധിക്കുള്ളില്‍ ഇത്രയധികം വിദേശസഞ്ചാരം നടത്തിയിട്ടുണ്ടാവില്ല'- കത്തില്‍ പറയുന്നു. രൂപയുടെ മൂല്യം ഒരു ഡോളറിന് 69.03 ആയതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

content highlights: Goa congress writes to Guinness World Records asks to include PM Modi's name for travelling abroad