പനജി: ഗോവ മന്ത്രിക്കെതിരെ ലൈംഗിക ആരോപണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ രംഗത്തെത്തി. ഒരു സംസ്ഥാന മന്ത്രി ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗോവമുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കള്‍ ഈ ആരോപണം തള്ളികളഞ്ഞു.

അതേ സമയം മന്ത്രിയുടെ പേര് പറയാന്‍ ചോദങ്കര്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ആരോപണവിധേയനായ മന്ത്രിക്കെതിരെ 15 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ ഡിസംബര്‍ 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായ ചിത്രങ്ങളും വീഡിയോകളം ചാറ്റുകളുമടക്കമുള്ള തെളിവുകള്‍ തന്റെ പാര്‍ട്ടി പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പനജയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍.'ഗോവയിലെ ഒരു മന്ത്രി ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് മന്ത്രി സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തത്. അധികാരവും പദവിയും ഉപയോഗിച്ച് നടത്തിയ ഈ പ്രവര്‍ത്തനം ഗുരതരമായ വിഷയമാണ്'ഗിരീഷ് ചോദങ്കര്‍ പറഞ്ഞു.

സ്ത്രീയെ മന്ത്രി ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളമുണ്ട്. ഫോണ്‍ രേഖകളുണ്ട്. ഒരു എംഎല്‍എ ആകാന്‍ കൂടി ഇയാള്‍ക്ക് യോഗ്യതയില്ല.

'ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീ തന്റെ അവകാശം ചോദിക്കുമ്പോള്‍ ഇയാള്‍ താനൊരു മന്ത്രിയാണെന്നും തനിക്കെന്തും ചെയ്യാമെന്നും പറയുന്നു. സ്ത്രീയോട് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ അതിന് വിസമ്മതിക്കുകയാണ്' ഓഡിയോയില്‍ കേള്‍ക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മന്ത്രിക്കെതിരായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് അറിയാമെന്നും അദ്ദേഹം പോലീസിനെ ഉപയോഗിച്ച് ഇത് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'വിഷയം മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി വീഡിയോകളും ഓഡിയോകളും കണ്ടു, വാട്ട്സ്ആപ്പ് ചാറ്റുകളും മുഖ്യമന്ത്രി കണ്ടു, ഫോട്ടോകളെല്ലാം മുഖ്യമന്ത്രി കണ്ടിട്ടുണ്ട്, ഒരു മന്ത്രിയെക്കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വന്നപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു. എന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്നത് തുടരുന്നു. ഇപ്പോള്‍ തെളിവുകള്‍ കണ്ടെത്തി അത് പോലീസിനെ ഉപയോഗിച്ച് നശിപ്പിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്.' ചോദങ്കര്‍ പറഞ്ഞു.

ഡിസംബര്‍ 19 ന് പ്രധാനമന്ത്രി ഗോവയില്‍ എത്തുന്നതിന് മുമ്പ് നിങ്ങള്‍ ഈ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രി ഗോവയില്‍ എത്തുന്നതിന് മുമ്പ് തെളിവുകള്‍ പൊതുമധ്യത്തില്‍ വെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.