പനാജി: ഭരണഘടനയെ സമ്പൂര്‍ണ്ണമായി നശിപ്പിച്ച് കൊണ്ട്  ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ജര്‍മനിയിലെ നാസികളുടേതിന് തുല്യമായ ഭരണമാണ് നടത്തുന്നതെന്ന് ക്രിസ്ത്യന്‍ പ്രസിദ്ധീകരണം. ഗോവയിലെ ഒരു ചര്‍ച്ച് മാഗസിനില്‍ വന്ന ലേഖനത്തിലാണ് ബിജെപി ഭരണത്തെ നാസികളോട് ഉപമിച്ചിട്ടുള്ളത്.

അഭിഭാഷകനായ ഡോ.എഫ്.ഇ നൊരോഞ്ഞയാണ് ലേഖനം എഴുതിയിട്ടുള്ളത്. ദേശവ്യാപകമായി പടര്‍ന്ന്‌ക്കൊണ്ടിരിക്കുന്ന ഫാസിസത്തിന് തടയിടാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്താനും ലേഖനം ആവശ്യപ്പെടുന്നു. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്കെതിരെയും പരോക്ഷ വിമര്‍ശനമുണ്ട്.

2012ല്‍ അഴിമതി രഹിത ഗോവയെ കുറിച്ച് ചിന്തിച്ചു. 2014 വരെ ഇത് തുടര്‍ന്നു. എന്നാലിപ്പോള്‍ വര്‍ഗീയത വളര്‍ന്നു. ഇന്ത്യയിലെ ദൈനംദിന ജീവിതത്തെ മാറ്റിമറിച്ച് ഭരണഘടന നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ലേഖനം പറയുന്നു. 

1933 ലെ ഹിറ്റ്‌ലറുടേയും നാസിസത്തിന്റേയും വളര്‍ച്ചയും തളര്‍ച്ചയും ലേഖനം താരതമ്യം ചെയ്യുന്നത് 2014ലെ അധികാരമേറ്റ മോദി സര്‍ക്കാരിനോടാണ്. പനാജി ബിഷപ്പ് ഹൗസാണ് മാഗസിന്റെ പ്രസാധകര്‍.

'ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയോ മതനിരപേക്ഷതയോ അല്ല. സ്വാതന്ത്യമാണ്. ഫാസിസത്തോട് ഒത്തുപോകാത്ത ഒരു സ്ഥാനര്‍ത്ഥിക്ക് മാത്രമെ നിങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്താവൂ' എന്നും ലേഖനം പറയുന്നു. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് രാജ്യത്തെ മൊത്തത്തില്‍ നിയന്ത്രിക്കുന്നത് ലേഖനം പറയുന്നു.