ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെത്തിയ പരീക്കര്‍ സന്ധ്യയോടെ ഗോവയിലെത്തി. പാന്‍ക്രിയാസിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം അമേരിക്കയില്‍ ചികിത്സയിലായിരുന്നു.

വൈകുന്നേരം 5.45ഓടെ ഗോവ വിമാനത്താവളത്തിലെത്തിയ പരീക്കറിനെ ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം പനജിയ്ക്കടുത്ത ഡോണ പോളയിലെ വീട്ടിലെത്തി. 

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ മൂന്നു മാസമായി പരീക്കര്‍. മുന്‍പ് മുംബൈയിലെ ലീലാവതി ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും പരീക്കര്‍ ചികിത്സതേടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് പിന്നീട് അദ്ദേഹത്തെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയത്‌.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിക്കുന്നതിനു മുന്‍പായി തന്റെ അഭാവത്തില്‍ ഭണനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേക ഉപദേശക സമിതി രൂപീകരിച്ചിരുന്നു. സുദിന്‍ ദവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ, വിജയ് സര്‍ദേശായ് എന്നിവരടങ്ങിയതായിരുന്നു സമിതി.

Content Highlights: Manohar Parrikar Returns Home, US Treatment For Parrikar