പനാജി: പാതിരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ  40 അംഗ ഗോവ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 12-ല്‍ നിന്ന് 14 ആയി. മൂന്ന് അംഗങ്ങളുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) യുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ബിജെപിയുടെ അംഗ സംഖ്യ ഉയര്‍ന്നത്. ബിജെപിയുടെ സഖ്യ കക്ഷികൂടിയാണ് എംജിപി. 

എംഎല്‍എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നല്‍കുകയായിരുന്നു. എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ സുദിന്‍ ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല.

ബിജെപി നേതൃത്വം നല്‍കുന്ന ഗോവ സര്‍ക്കാരില്‍ സുദിന്‍ ധവലികര്‍ ഉപമുഖ്യമന്ത്രിയും മനോഹര്‍ അജ്‌ഗോന്‍കര്‍ ടൂറിസം മന്ത്രിയുമാണ്. ചട്ടപ്രകാരം ഒരു നിയമസഭാ കക്ഷിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ബാക്കിയുള്ള എംഎല്‍എമാര്‍ സ്വാഭാവികമായും ലയനത്തിന്റെ ഭാഗമാകും. എന്നാല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എംജിപി (ടു) എന്ന മറ്റൊരു വിഭാഗം രൂപീകരിച്ചതിന് ശേഷമാണ് രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ചതെന്നാണ് സൂചന. ഉപമുഖ്യമന്ത്രിയായ സുദിന്‍ ധവലികര്‍ എംജിപിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ധരാത്രി നടന്ന രാഷ്ട്രീയ നാടകത്തിലൂടെ ബിജെപിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇപ്പോള്‍ തുല്യ അംഗങ്ങളായി. കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റകക്ഷി. മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചരടുവലികള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ബിജെപി നാടകീയ നീക്കങ്ങള്‍ നടത്തുന്നത്.

മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്ദിന്റെ നേതൃത്വത്തില്‍ ബിജെപി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സുദിന്‍ ധവലികര്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരെ കൂടാരത്തിലെത്തിച്ച് ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ബിജെപി. ധവലികര്‍ക്ക് ഉപമുഖ്യമന്ത്രി പദവും നഷ്ടപ്പെട്ടേക്കും. 

പകരം ദീപക് പവസ്‌കറിന് മന്ത്രിപദം നല്‍കും. ഇതിനിടെ ധവലികര്‍ ഇന്ന് ഉച്ചയ്ക്ക് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാവി നീക്കങ്ങള്‍ ഈ യോഗത്തിലുണ്ടാകും. എംജിപിയെ കൂടാതെ ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി ഗോവയില്‍ സര്‍ക്കാര്‍ ഭരിക്കുന്നത്.

Content Highlights: Goa BJP Now Has 14 Legislators After 2 Ally Lawmakers Join Party