പനജി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ ഗോവയില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ കൂട്ടപ്പാലായനം. യുവമോര്‍ച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഞായറാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ.വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനന്‍ ടില്‍വേക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഇതിനിടെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ഗോവ ശാസ്ത്ര സാങ്കേതിക മന്ത്രി മൈക്കല്‍ ലോബോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടു. ഇന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി.
സ്വന്തം മണ്ഡലമായ കലുങ്കട്ടിലും സമീപ മണ്ഡലങ്ങളായ സലിഗാവോ, സിയോലിം, മപുസ എന്നിവിടങ്ങളിലും ലോബോയ്ക്ക് സ്വാധീനമുള്ളതിനാല്‍ ഈ മേഖലകളില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുന്നതാണ് അദ്ദേഹത്തിന്റെ കടന്നുവരവ്.
സലിഗാവോ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കേദാര്‍ നായികിന്റെ പ്രചാരണത്തിന് ലോബോ ഞായറാഴ്ച പരസ്യമായി എത്തുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..