മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ബിജെപി നേതാവ് രാംരത്തൻ പായൽ
ഭോപ്പാല്‍: രാജ്യത്തെ ഇന്ധന വിലവര്‍ധനവില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അഫ്ഗാനിസ്താനിലേക്ക് പൊയ്ക്കൊളളൂ എന്ന മറുപടിയുമായി മധ്യപ്രദേശിലെ ബി.ജെ.പി. നേതാവ്. കത്നിയിലെ ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ രാംരതന്‍ പായലാണ് ഇന്ധന വില വര്‍ധനയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയത്.
'അഫ്ഗാനിസ്താനിലേക്ക് പോകൂ, അവിടെ പെട്രോള്‍ ലിറ്ററിന് അമ്പതു രൂപയാണ് വില. അവിടെ പോയി പെട്രോള്‍ നിറയ്ക്കൂ. ഇന്ത്യയില്‍ ചുരുങ്ങിയത് സുരക്ഷിതത്വമെങ്കിലും ഉണ്ട്.' രാംരതന്‍ പറഞ്ഞു. യുവമോര്‍ച്ച സംഘടിപ്പിച്ച മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാംരതന്‍.
മാസ്ക് ധരിക്കാതെ നിന്ന നേതാവ് രാജ്യത്തെ ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. രാംരത്തനൊപ്പം നിന്നിരുന്ന അണികളും മാസ്ക് ധരിച്ചിരുന്നില്ല. 'കോവിഡ് 19 മൂന്നാം തരംഗം വരാനിരിക്കുകയാണ്. കോവിഡിന്റെ രണ്ടു തരംഗങ്ങള്‍ രാജ്യം ഇതിനകം അഭിമുഖീകരിച്ചു കഴിഞ്ഞു. നിങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനല്ലേ, രാജ്യത്തെ സാഹചര്യം മനസ്സിലാക്കാനാകില്ലേ. പ്രധാനമന്ത്രി പ്രതിസന്ധിയെ തരണം ചെയ്യുന്നത് എങ്ങനെയാണ്. എണ്‍പത് കോടി ജനങ്ങള്‍ക്ക് മോദി ഇപ്പോഴും റേഷന്‍ നല്‍കുന്നുണ്ട്.'
ബി.ജെ.പിയെ വിമര്‍ശിക്കുന്നവരോട് അഫ്ഗാനിസ്താനിലേക്ക് പോകൂ എന്ന് നിര്‍ദേശിക്കുന്ന ആദ്യ ബി.ജെ.പി. നേതാവല്ല ഇദ്ദേഹം. ദിവസങ്ങള്‍ക്ക് മുമ്പ് ബിഹാറിലെ ബി.ജെ.പി. നേതാവ് ഹരിഭൂഷണ്‍ ഠാക്കൂറും ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുളളവര്‍ക്ക് അഫ്ഗാനിസ്താനിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചിരുന്നു. പെട്രോളിനും ഡീസലിനും അഫ്ഗാനിസ്താനില്‍ വില കുറവാണെന്ന് പറഞ്ഞ അദ്ദേഹം അവിടെ ഒരിക്കല്‍ കഴിഞ്ഞാലേ ഇന്ത്യയുടെ വില മനസ്സിലാകൂ എന്നും അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്ത് ദിവസങ്ങള്‍ക്കു മുമ്പേ പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. ഡീസല്‍ വില പല സംസ്ഥാനങ്ങളിലും 90 രൂപയിലെത്തി.
Content Highlights: Go To Taliban. Petrol Cheaper In Afghanistan: BJP Leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..