ഷില്ലോങ്: ജനാധിപത്യത്തില്‍ ഭിന്നത അത്യാവശ്യമാണെന്നും അത് താല്പര്യമില്ലാത്തവര്‍ വടക്കന്‍ കെറിയയിലേയ്ക്ക് പോകണമെന്നും മേഘാലയാ ഗവര്‍ണര്‍ തഥാഗതാ റോയി. ട്വിറ്ററിലൂടെയാണ് മേഘാലയാ ഗവര്‍ണറുടെ വിവാദ പ്രസ്താവന. 

വിവാദങ്ങള്‍ ഉയരുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ രണ്ട് കാര്യങ്ങള്‍ ഒരിക്കലും കാണാതിരിക്കരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒന്ന് ഒരു കാലത്ത് രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. രണ്ട്, ജനാധിപത്യത്തില്‍ ഭിന്നിപ്പ് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് അത് താല്‍പ്പര്യമില്ലെങ്കില്‍ ഉത്തര കൊറിയയിലേക്ക് പോകുക. - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

പ്രതിഷേധക്കാര്‍ രാജ്ഭവന്‍ കവാടത്തിന് മുന്നില്‍ എത്തുന്നതിന് മുമ്പാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. 

സംസ്ഥനത്തിന് പുറത്തുള്ളവര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം എന്ന നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കണമെന്നും സംസ്ഥാനത്ത് ലൈന്‍ പെര്‍മിറ്റ് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Content Highlights: Go To North Korea, says Meghalaya Governor Amid Citizenship Act Protests